വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി. വന്ദേഭാരത് എക്‌സ്പ്രസുകളുടെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ടു. വിമാനത്തിലെ ബിസിനസ് ക്ലാസുകളിലേതിന് സമാനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും ബിഇഎംഎലും സംയുക്തമായിട്ടാണ് കോച്ചുകല്‍ നിര്‍മിക്കുന്നത്. നിലവിലെ പ്രീമിയം ട്രെയിനുകളെക്കാള്‍ മികച്ച സൗകര്യമാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

അപ്പര്‍ ബര്‍ത്തുകളിലേക്ക് കയറുവാനും ഇറങ്ങാനും പടികളുണ്ട്. ഇത് വയസ്സായവര്‍ക്ക് ഉപകരിക്കും. അതേസമയം ലഗേജുകള്‍ സുരക്ഷിതമായി വെക്കുവാനും സൗകര്യം നല്‍കിയിട്ടുണ്ട്. അടുത്ത ഫെബ്രുവരിയോടെ സ്ലീപ്പര്‍ കോച്ചുകല്‍ സര്‍വീസിന് തയ്യാറാകുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ സര്‍വീസ് ഡല്‍ഹി വാരാണാസി റൂട്ടിലായിരിക്കും.

സര്‍വീസ് തുടങ്ങിയ ശേഷം യാത്രക്കാരില്‍ നിന്നും സ്വീകരിക്കുന്ന ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍ കോച്ചുകളില്‍ മാറ്റം വരുത്തുവനാണ് റെയില്‍വേയുടെ തീരുമാനം. പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വന്ദേഭാരതുകള്‍ പ്രധാനമന്ത്രി കഴിഞ്ഞ മാസം ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു.