മഴക്ക് ശമനമില്ല; 64 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു, 1154 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ര​ണ്ടു​ ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ വ്യാ​പ​ക ​നാ​ശം. ര​ണ്ടു പേ​ർ മ​രി​ക്കുകയും നി​ര​വ​ധി വീ​ടു​ക​ൾ ത​ക​രുകയും ചെയ്തു. ക​ണ്ണൂ​ർ സി​റ്റി നാ​ലു​വ​യ​ൽ കോ​ണ​ത്ത് താ​ഴ​ത്ത് വീ​ട്ടി​ൽ ബ​ഷീ​റാ​ണ് (50) മ​രി​ച്ച​ത്. സി​റ്റി നാ​ലു​വ​യ​ൽ റോ​ഡി​ൽ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ചാ​ല​ക്കു​ടി​യി​ലു​ണ്ടാ​യ മി​ന്ന​ൽ​ച്ചു​ഴ​ലി​യി​ൽ നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. ക​ണ്ണൂ​രി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

കോ​ഴി​ക്കോ​ട്ട് ചൊ​വ്വാ​ഴ്ച ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ കൊ​ടി​യ​ത്തൂ​ർ കാ​ര​ക്കു​റ്റി സ്വ​ദേ​ശി സി.​കെ. ഉ​സ്സ​ൻ​കു​ട്ടി​ക്കാ​യി (65) തി​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്ച ര​ണ്ടു​പേ​രെ കൂ​ടി കാ​ണാ​താ​യി. വ​ട​ക​ര അ​ഴി​യൂ​ർ കോ​റോ​ത്ത് റോ​ഡി​ൽ സ​ലീ​ഷ് കു​മാ​റി​യെും (42), ചോ​റോ​ട് പു​ളി​യു​ള്ള​തി​ൽ ബി​ജീ​ഷി​നെ​യു​മാ​ണ് (22) കാ​ണാ​താ​യ​ത്.

സം​സ്ഥാ​ന​ത്ത് വ​ൻ കൃ​ഷി നാ​ശവും സം​ഭ​വി​ച്ചു. മ​രം വീ​ണ് പലയിടത്തും റോ​ഡ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വൈ​ദ്യു​തി​ബ​ന്ധം നി​ല​ച്ചു. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ഡാ​മു​ക​ൾ തു​റ​ന്നു വി​ട്ടു.

ഇ​തു​വ​രെ 14 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. 398 വീ​ടു​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ പ​റ്റി. 64 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 1154 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. അ​തി​ശ​ക്ത മ​ഴ തു​ട​രാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി വ്യാ​ഴാ​ഴ്ച ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ്​ മ​ഴ​ക്കെ​ടു​തി രൂ​ക്ഷം. പ​ത്ത​നം​തി​ട്ട​യി​ൽ 27 ക്യാ​മ്പു​ക​ൾ തു​റ​ന്നു. തൃ​ശൂ​രി​ൽ മൂ​ന്നും എ​റ​ണാ​കു​ള​ത്ത് ര​ണ്ടും മ​ല​പ്പു​റം, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഒ​ന്നു വീ​ത​വും ക്യാ​മ്പു​ക​ൾ തു​റ​ന്നു.

കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ൽ കേ​ര​ള-​ക​ർ​ണാ​ട​ക-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ​യി​ൽ ശി​ക്കാ​ര വ​ള്ള​ങ്ങ​ൾ, മോ​ട്ടോ​ർ ബോ​ട്ടു​ക​ൾ, സ്പീ​ഡ് ബോ​ട്ടു​ക​ൾ, ക​യാ​ക്കി​ങ്​ ബോ​ട്ടു​ക​ൾ എ​ന്നി​വ​യു​ടെ സ​ർ​വി​സ് നി​ർ​ത്തി വെ​ക്കാ​ൻ ക​ല​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.