തലൈവർ ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

തലൈവർ ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. പുതിയ സിനിമയായ തലൈവർ 170-ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രജനികാന്ത് തലസ്ഥാനത്ത് എത്തിയത്. പത്ത് ദിവസമാകും ചിത്രീകരണം നടക്കുക. ശംഖുമുഖം, വെള്ളായാണി തുടങ്ങിയ പ്രദേശങ്ങളിലാകും ഷൂട്ടിംഗ്.

ഇന്നലെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ രജനി ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തിലെ വൻ താര നിരയെ പരിചയപ്പെടുത്തുകയാണ് കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്.

ആദ്യമായാണ് ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മഞ്ജു വാര്യർ, സംവിധായകൻ ടി ജെ ജ്ഞാനവേൽ തുടങ്ങിയവരെയും രജനിക്കൊപ്പം കാണാം.

നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവർ 170. രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോർട്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനമാണ് ലൊക്കേഷനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളും ലൊക്കേഷനാണ്.