കൃഷ്ണന്റെ മന്ത്രവാദത്തെ കുറിച്ച് നാട്ടുകാര്‍ക്ക് നൂറ് നാവ്

ഇടുക്കി കമ്പകക്കാനത്തു കൊല്ലപ്പെട്ട കൃഷ്ണന്റെ മന്ത്രവാദത്തെ കുറിച്ച് അഭിപ്രായങ്ങളുമായി നാട്ടുകാര്‍. കൃഷ്ണനെക്കൊണ്ടു പൂജ നടത്തിക്കാന്‍ പൂജാരിമാര്‍ തന്നെ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് ഒരു മുന്‍ പൊലീസ് അസി. കമന്‍ഡാന്റ് തന്നെ വ്യക്തമാക്കിയിരുന്നു. ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ എത്തിയപ്പോള്‍ പൂജ നടത്താന്‍ കൃഷ്ണനെ കണ്ടിരുന്നുവെന്ന് മുന്‍ പൊലീസ് അസി. കമന്‍ഡാന്റ് രാജശേഖരന്‍ വ്യക്തമാക്കി. കൃഷ്ണന്റെ ഫോണില്‍ അവസാനം വിളിച്ചത് രാജശേഖരനെയും മറ്റും അയാളുടെ അടുത്തെത്തിച്ച ഒരു പരിചയക്കാരനാണ് എന്നതിനാല്‍ രാജശേഖരനെയും പൊലീസ് വിളിപ്പിച്ചിരുന്നു.

തന്നെക്കുറിച്ചു തെറ്റായ വാര്‍ത്തകളാണു മാധ്യമങ്ങളില്‍ വന്നതെന്നും 36 വര്‍ഷത്തെ സര്‍വീസിനിടയില്‍ തനിക്ക് ഒരു കേസിലും സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്നും താന്‍ ബിജെപി പ്രവര്‍ത്തകന്‍ അല്ലെന്നും രാജശേഖരന്‍ പറഞ്ഞു. ഒരു സുഹൃത്തിന്റെ വസ്തു ഇടപാടുമായി ബന്ധപ്പെട്ടു കുമളിയില്‍ സുഹൃത്തിനൊപ്പം കഴിഞ്ഞ ഫെബ്രുവരിയില്‍ എത്തിയതിനെ കുറിച്ചും രാജശേഖരന്‍ വ്യക്തമാക്കുന്നു. കാര്യങ്ങള്‍ സുഗമമായി നടക്കാന്‍ വസ്തു കച്ചവടത്തിനു മുന്‍പ് ഒരു പൂജ ചെയ്യണമെന്നു വസ്തു വാങ്ങുന്ന സുഹൃത്തിനു നിര്‍ബന്ധം. ഇതിനായി പ്രദേശത്തെ പൂജാരിയെ സമീപിച്ചു. തന്നെക്കാള്‍ ഇതിനു പറ്റിയതു കൃഷ്ണനാണെന്നു പറഞ്ഞു പൂജാരി അവരെ കൃഷ്ണന്റെ അടുത്തേക്കു പറഞ്ഞയച്ചു. 5000 രൂപ ഫീസായി വാങ്ങിയ പൂജ പൊടിപൊടിച്ചെങ്കിലും സ്ഥലം കച്ചവടം നടന്നില്ല. ഒടുവില്‍ സംഘം നിരാശരായി തിരുവനന്തപുരത്തേക്കു തിരിച്ചു വന്നുവെന്നും രാജശേഖരന്‍ പറഞ്ഞു.

തങ്ങളെ കൃഷ്ണനടുത്തെത്തിച്ച രാജുവിനു കൃഷ്ണനുമായി അടുപ്പം ഉണ്ടായിരുന്നു. രാജുവാണ് കൃഷ്ണനുമായി അവസാനം ഫോണില്‍ ബന്ധപ്പെട്ടത്. രാജുവിന്റെ ഫോണില്‍ രാജശേഖരന്റെ നമ്പര്‍ കണ്ടതിനാല്‍ രാജശേഖനെയും അന്വേഷണ സംഘം വിളിപ്പിക്കുകയായിരുന്നു, രാജശേഖരനു കേസുമായി മറ്റു ബന്ധമൊന്നുമില്ലെന്നും അസി. കമന്‍ഡാന്റിനെ കസ്റ്റഡിയില്‍ എടുത്തെന്ന പ്രചാരണം തെറ്റാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.