കല്യാണം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞേ കുട്ടികളെ സൃഷ്ടിക്കാവൂ എന്ന് വിവാദങ്ങളുടെ ഉറ്റതോഴൻ രജത് കുമാർ.

സ്ത്രീവിരുദ്ധതയും അസാസ്ത്രീയമായ പ്രസ്താവനകളിലൂടെയും വിവാദങ്ങളുടെ ഉറ്റതോഴനായ രജത് കുമാറിനെ മലയാളികൾക്ക് നന്നായറിയാം കാലടി ശ്രീ ശങ്കര കോളേജിലെ ബോട്ടണി അധ്യാപകനാണെങ്കിലും അസാസ്ത്രീയ പ്രസ്താവനകള്‍ നിരന്തരം ആവർത്തിച്ചപ്പോള്‍ സർക്കാർ സംവിധാനങ്ങളുടെ ഭാഗമായുള്ള ബോധവത്കര പരിപാടികളില്‍ നിന്നും ഒന്നാം പിണറായി സർക്കാറിലെ ആരോഗ്യ മന്ത്രി കെകെ ശൈലജ മാറ്റി നിർത്തിയിരുന്നു.

വിവാദങ്ങളുടെ ഉറ്റതോഴനായിരുന്ന രജത് കുമാർ ബിഗ് ബോസ് മലയാളം സീസണ്‍ 2 വിൽ എത്തിയതോടെ സോഷ്യൽ മീഡിയയിലും ശ്രദ്ധേയനായി. അവിടേയും വിവാദങ്ങളുടെ സ്വന്തക്കാരനായി മാറിയ രജത് കുമാർ ഇപ്പോഴിതാ വിവാഹ ജീവിതം സംബന്ധിച്ചുള്ള തന്റെ ചില അഭിപ്രായങ്ങള്‍ പങ്കുവെച്ച് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. ജാംഗോ സ്പെയിസ് എന്ന യൂട്യൂബ് ചാനലിനോടാണ് രജത് കുമാർ പുതിയ വെളിപ്പെടുത്തി നടത്തിയിരിക്കുന്നത്. എല്ലാം രജത് കുമാറിന്റെ സ്വന്തം കണ്ടെത്തലാണ്.

സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് എത്തുമ്പോഴാണ് രജത് കുമാറിന്റെ പ്രതികരണം. ‘ജീവിത വിജയത്തിലേക്ക് 22 ശക്തി’, ‘തിരിച്ചറിവ്’ എന്നീ രണ്ട് പുസ്തകങ്ങൾ നവദമ്പതികള്‍ക്ക് രജത് കുമാർ സമ്മാനിക്കുകയുണ്ടായി. കുറഞ്ഞത് ഒരു അഞ്ചാറ് പ്രാവശ്യമെങ്കിലും രണ്ടുപേരും കൂടി പുസ്തകം വായിച്ച് പഠിച്ച് ചിന്തിച്ച് മനസ്സിലാക്കാനായിരുന്നു രജത് കുമാറിന്റെ നിർദേശം. ‘നമ്മുടെ ഉള്ളിലെ നെഗറ്റീവ് ജീനുകളെ സൈലന്റാക്കി, പോസിറ്റീവ് ജീനുകളുടെ ഉണർത്തിയതിന് ശേഷം മാത്രമേ അടുത്ത തലമുറക്കായി സൃഷ്ടി നടത്താവൂ എന്നു താൻ നിർദേശിച്ചതായി രജത് കുമാർ പറയുന്നു.

‘അങ്ങനെ സൃഷ്ടി നടത്തുകയാണെങ്കില്‍ രാമന്‍, കൃഷ്ണന്‍, ഭരതന്‍, അർജുനന്‍, സീത ഇങ്ങനെ ദൈവികമായതും മാതാപിതാക്കള്‍ എന്തും നേടികൊടുക്കാന്‍ കഴിവുള്ള ജീനുകളുള്ള മക്കളെ നമുക്ക് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് വളരെ രഹസ്യമായ കാര്യമാണ് എല്ലാവർക്കും അറിയില്ല. പലരും കല്യാണം കഴിക്കുന്നു, രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഗർഭിണികളാവുന്നു സ്ഥിതിയാണ് ഉള്ളത്’ – രജത് കുമാർ പറയുന്നു.

‘ചിലപ്പോള്‍ കുടിച്ചിട്ടോ, വലിച്ചിട്ടോ വന്ന സമയത്തോ ഒക്കെയായിരിക്കും ദമ്പതികള്‍ തമ്മിലുള്ള ബന്ധപ്പെടല്‍ ഉണ്ടാവുക. അതുമല്ലെങ്കില്‍ ഇന്നലെവരെയുള്ള ഉഡായിപ്പ്, ദേഷ്യം, വെറുപ്പ്, വൈരാഗ്യം, ചതി, വഞ്ചന, അഹങ്കാരം ഇങ്ങനെയുള്ള നെഗറ്റീവ് അവഗുണങ്ങളായിരിക്കും രണ്ടുപേർക്കും മുന്‍കാലങ്ങളില്‍ ഉണ്ടായിരിക്കുക. ഇതെല്ലാം വെച്ചുകൊണ്ട് അടുത്ത തലമുറയെ സൃഷ്ടിക്കാന്‍ പോവരുത്. അതിനെയെല്ലാം ഇല്ലാതാക്കിയിട്ട് വേണം ഈ കാര്യത്തിലേക്ക് കടക്കാൻ.’ – രജത് കുമാർ പറഞ്ഞിരിക്കുന്നു.

‘കല്യാണം കഴിഞ്ഞ് കുറഞ്ഞത് ഒരു രണ്ട് വർഷം കഴിഞ്ഞേ കുഞ്ഞിനെ സൃഷ്ടിക്കാവൂ എന്നാണ് എന്റെ ശക്തമായ നിർദേശം. അതുവരെ ഈ രണ്ട് വ്യക്തികള്‍ പരസ്പരം അതായത് ആന്തരികമായി അറിയണം. എന്തൊക്കെയാണ് അവരുടെ നല്ല ഗുണങ്ങള്‍, ചീത്തത് എന്ത് എന്നും മനസ്സിലാക്കണം. നമ്മള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്ക് സദൃശ്യം എന്നാണ് ബൈബിള്‍ പറയുന്നത്. അതായത് പുറമെ നിന്നും നോക്കുമ്പോള്‍ നമ്മള്‍ വളരെ സുന്ദരന്മാരായിരിക്കും പക്ഷെ അകം കൊണ്ട്, കള്ളവും ചതിയും ഉള്ളവരായിരിക്കും’ – രജിത് കുമാർ പറയുന്നു.

‘അകവും പുറവും ഒരുപോലെ നല്ല ഗുണം സൃഷ്ടിച്ചെടുത്തതിന് വേണം കുട്ടികളെ സൃഷ്ടിക്കാന്‍. ഇറുകിയ വസ്ത്രം ധരിക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് നമ്മുടെ കാലാവസ്ഥയ്ക്ക് ചേർന്നതല്ല. ചൂട് കൂടുമ്പോള്‍ ഡി എന്‍ എയ്ക്ക് ഡാമേജ് സംഭവിക്കും. ഡി എന്‍ എ എന്ന് പറയുന്നത് ഇരുമ്പും സ്വർണ്ണവും അല്ല. അത് ന്യൂക്ലിയേഡറ്റുകളാണ്. ചൂട് കൂടികഴിഞ്ഞാല്‍ ഡി എന്‍ എ ഘടകങ്ങളുടെ ബോണ്ട് പൊട്ടും. ഡി എന്‍ എ ബ്രേക്ക് ആയി കഴിഞ്ഞാല്‍ ജനിതക വൈകല്യം ഉണ്ടാവും’ – രജിത് കുമാർ പറഞ്ഞു.

എന്റെ പഠനം ശരിയാണെങ്കില്‍ അടുത്ത് വരാന്‍ പോകുന്ന നാലഞ്ച് വർഷത്തിനുള്ളില്‍ ഈ കാര്യം മനസ്സിലാക്കിയില്ലെങ്കില്‍ ജനിക്കുന്ന ധാരാളം കുട്ടികള്‍ക്ക് വൈകല്യങ്ങളും ഒരുപാട് അസ്വസ്ഥകളും ഉണ്ടാവുമെന്നും അത് സമൂഹത്തിലും കുടുംബത്തിലും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നുമാണ് രജത് കുമാറിന്റെ മുന്നറിയിപ്പ്.