മോ​ദി-​അ​ദാ​നി-​പി​ണ​റാ​യി കൂ​ട്ടു​കെ​ട്ടു​ണ്ട്: കരാറിന്റെ ലെറ്റര്‍ ഒഫ് അവാര്‍ഡ് പുറത്ത് വിട്ട് പ്രതിപക്ഷനേതാവ്

തൊടുപുഴ: കെ എസ് ഇ ബി – അദാനി കരാറില്‍ അഴിമതി ആരോപണം ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അദാനിയുമായി രണ്ട് കരാറുകളുണ്ടാക്കിയെന്ന് വ്യക്തമാക്കിയ അദ്ദേഹം കരാറിന്റെ ലെറ്റര്‍ ഒഫ് അവാര്‍ഡ് പുറത്ത് വിടുകയും ചെയ്തു. അദാനിയുമായി എന്തെങ്കിലും കരാര്‍ കെ.എസ്.ഇ.ബി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ രേഖ പുറത്തുവിടാന്‍ മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രതിപക്ഷനേതാവിനെ വെല്ലുവിളിച്ചിരുന്നു. നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനുള്ള കരാര്‍ അദാനിയുമായി ഉണ്ടാക്കിയെന്നും ലെറ്റര്‍ ഒഫ് അവാര്‍ഡ് നല്‍കുന്നതിന് മുമ്ബ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

2021 ഏപ്രില്‍ ഒന്നു മുതല്‍ 15 വരെയും ഏപ്രില്‍ 16 മുതല്‍ 30 വരെയും മേയ് 1 മുതല്‍ 15 വരെയും മേയ് 16 മുതല്‍ 31 വരെയും നാല് ഘട്ടങ്ങളിലായാണ് അദാനിയില്‍ നിന്നും കറന്റ് വാങ്ങാന്‍ ഉടമ്ബടി ഉണ്ടാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് അദാനിയുമായി ഈ ഹ്രസ്വകാല ഇടപാടില്‍ കരാര്‍ ഒപ്പു വയ്ക്കാത്തത്. പകരം അതിന് തുല്യമായ ലെറ്റര്‍ ഒഫ് അവാര്‍ഡ് നല്‍കി ഉടമ്ബടി നടപ്പില്‍ വരുത്തുകയാണ് ചെയ്തിട്ടുള്ളത്. അഞ്ച് വര്‍ഷമായി കേരളം വൈദ്യുതി മിച്ച സംസ്ഥാനമാണെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ 3.04 രൂപയ്ക്ക് എന്തിന് ഇപ്പോള്‍ അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നു? ഇതിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുമെന്നിരിക്കെ എന്തിന് കൂടിയ വിലയ്ക്ക് വാങ്ങുന്നു-ചെന്നിത്തല ചോദിച്ചു.

25 വര്‍ഷക്കാലം അദാനിയില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള ആദ്യ കരാറും, ഉയര്‍ന്ന വിലയ്ക്ക് ചെറിയ കാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഇപ്പോഴത്തെ ഉടമ്ബടിയും അദാനിയുമായുള്ള പിണറായി സര്‍ക്കാരിന്റെ പ്രിയത്തെയാണ് കാണിക്കുന്നത്.മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് അദാനിയെന്ന് പറഞ്ഞ് ചെന്നിത്തല മോദി – അദാനി – പിണറായി കൂട്ടുകെട്ടുണ്ടെന്നും ഈ ബന്ധത്തിന്റെ പേരിലാണ് ലാവ്‌ലിന്‍ കേസിലെ നടപടികള്‍ വൈകിക്കുന്നതെന്നും ആക്ഷേപിച്ചു. 28 തവണ ലാവ്‌ലിന്‍കേസ് മാറ്റിവച്ചത് ഈ കൂട്ടുകെട്ട് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

ഓരോ തവണയും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള വ്യക്തമായ രേഖകള്‍ ഹാജരാക്കുമ്പോള്‍ പറഞ്ഞത് വിഴുങ്ങി, ഇളിഭ്യനായി മാളത്തിലേക്ക് തലവലിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇ.എം.സി.സി.യുമായി സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ കരാര്‍ കാര്യത്തിലും സ്പ്രിംഗ്ളര്‍ ഇടപാടിലുമെല്ലാം ഇത് കണ്ടതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി തോമസ് ഐസക്കിനെയും ചെന്നിത്തല പരിഹസിച്ചു. 4000 കോടി കടമെടുത്തിട്ട് 5000 കോടി മിച്ചമുണ്ടെന്ന് പറയുന്ന അത്ഭുതം സൃഷ്ടിച്ചയാളാണ് തോമസ് ഐസക്കെന്നായിരുന്നു പരിഹാസം.