അയോധ്യ എന്നാല്‍ ആര്‍ക്കും യുദ്ധം ചെയ്യാന്‍ സാധിക്കാത്തത്; ശ്രീരാമനില്ലാതെ അയോധ്യ ഇല്ല; രാഷ്ട്രപതി റാംനാഥ് കോവിന്ദ്

ലഖ്‌നൗ : ശ്രീരാമനില്ലാതെ അയോധ്യ ഇല്ല. എവിടെയാണോ രാമന്‍ അവിടെയാണ് അയോധ്യയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് . അയോധ്യ സന്ദര്‍ശന വേളയില്‍ രാമായണ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമന്‍ വസിക്കുന്നത് ഈ നഗരത്തിലാണ്. അതുകൊണ്ട് ഈ നഗരം അയോധ്യയാണ്. രാമനില്ലാതെ അയോധ്യ അയോധ്യയാവില്ലെന്നും രാഷ്ട്രപതി അറിയിച്ചു.

അയോധ്യ എന്നാല്‍ ആര്‍ക്കും യുദ്ധം ചെയ്യാന്‍ സാധിക്കാത്തത് എന്നാണ് അര്‍ത്ഥമാക്കുന്നത്. ശ്രീരാമനോടും രാമകഥകളോടുമുള്ള ഭക്തിയും സ്‌നേഹവും കാരണമാണ് എന്റെ കുടുംബം തനിക്ക് ഈ പേര് നല്‍കിയത്. ഇത് തന്നെയാണ് രാമനോട് ജനങ്ങള്‍ക്കുള്ള വികാരവുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പങ്കെടുത്തതോടൊപ്പം കോണ്‍ക്ലേവിന്റെ തപാല്‍ കവര്‍ രാഷ്ട്രപതി അനാവരണം ചെയ്തു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിപെന്‍ പട്ടേല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുടുംബ സമേതമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അയോധ്യ സന്ദര്‍ശനത്തിന് എത്തിയത്.