വേണ്ടപ്പെട്ട ഒരാൾ “വായാടി” എന്ന് തമാശക്ക് വിളിച്ചത് എത്ര നോവിച്ചു എന്ന് ഇപ്പോളും ഓർമ്മയുണ്ട്, കുറിപ്പ്

ആത്മവിശ്വാസത്തെ തകർക്കുന്ന കളിയാക്കലുകളുമായി ബന്ധപ്പെട്ട് റസീന പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. പറയാൻ പോകുന്നത് കേൾക്കുന്നയാൾക്ക് പോസിറ്റീവ് ആയാണോ നെഗറ്റീവ് ആയാണോ ഫീൽ ചെയ്യുക എന്നൊന്ന് ചിന്തിച്ച ശേഷം മറ്റുള്ളവരോട് പറയുക. അതിപ്പോ അയ്യോ ക്ഷീണിച്ചു പോയല്ലോ, കോലം കെട്ടല്ലോ, കറുത്ത് പോയല്ലോ, എന്നിങ്ങനെ ഏറ്റവും bottom line കുശലന്വേഷണങ്ങളായാലും എന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

പെരുമാറ്റത്തിൽ, ഇടപെടലുകളിൽ, കേവല സംസാരങ്ങളിൽ ഒക്കെയും പോസിറ്റീവ് stroke എന്നൊരു സംഗതിയേ ഉണ്ടെന്നറിയാത്തവർ പലപ്പോഴും ബന്ധുക്കളായിരിക്കും, പലർക്കും.തങ്ങൾക്കിടയിലെ ഒരാളുടെ കഴിവുകളെ അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ ശ്രമിക്കാതെ പലപ്പോഴും ‘നിർദ്ദോഷമെന്ന്’ വിലയിരുത്തപ്പെടുന്ന കളിയാക്കലുകളിലൂടെ വളരും മുൻപേ സർഗ്ഗവാസനകളുടെ കൂമ്പ് നുള്ളാൻ ഇവരെ കഴിഞ്ഞേയുള്ളൂ വേറാരും.ചോദിച്ചാലറിയാം, നമ്മുടെ ചുറ്റുമുള്ള ഓരോരുത്തരും ബന്ധുക്കളിൽ നിന്ന് ഇത്തരം നെഗറ്റീവ് സ്ട്രോക്കുകൾ ഒട്ടനവധി തവണ നേരിട്ടിട്ടുണ്ടാവും. അല്ലെങ്കിൽ അത്തരം അനുഭവങ്ങൾ ഭയന്ന് ഒളിപ്പിച്ചു വച്ച പല കഴിവുകളും സ്വപ്നങ്ങളും കാണും. (വെറുതെയാണോ, സോഷ്യൽ മീഡിയയിൽ പലരും ബന്ധുക്കളെ അകറ്റി നിർത്താറാണ് പതിവ് എന്ന് പറയുന്നത്?)

അയ്യോ വെറുതെ പറഞ്ഞതല്ലേ, തമാശയല്ലേ എന്നൊക്കെയാവും ഇത്തരം കമന്റുകളെ കുറിച്ചുള്ള ഇക്കൂട്ടരുടെ വിശദീകരണം. ഈയടുത്ത്, തന്നെ body shaming നടത്തിയ കുടുംബക്കാരുടെ കളിയാക്കൽ ചെറുപ്പത്തിൽ തന്നെ എത്ര വേദനിപ്പിച്ചിട്ടുണ്ടെന്ന് കുടുംബഗ്രൂപ്പിൽ തുറന്നു പറഞ്ഞ ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു. “യ്യോ നീയതൊക്കെ കാര്യമായിട്ടെടുത്തതെന്തിനാ” എന്നായിരുന്നത്രെ കുടുംബക്കാരുടെ പരാതി.
മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു മാത്രം സംസാരിക്കൂ എന്ന് നിരന്തരം പറയുന്ന ഒരാളാണ് കൂടെ. ഒരാളെ കാണുമ്പോൾ തന്നെ സാധാരണ പറയാറുള്ള ‘ക്ഷീണിച്ചു പോയല്ലോ’ എന്ന കമന്റ് പോലും അയാളെ വേദനിപ്പിക്കാൻ ഇടയുണ്ടെന്ന് ഓർമ്മിപ്പിക്കുന്നൊരാൾ. ഒരുപാട് പേരിൽ നിന്ന് ക്ഷീണിച്ചിരിക്കുന്നതിന് കമന്റ് കേട്ട് ജീവിതം വെറുത്തു പോയ ഒരാളായിരുന്നിട്ടും അത്തരം സംസാരങ്ങളിൽ നിന്നുണ്ടാവുന്ന നെഗറ്റീവ് എനർജിയേ കുറിച്ചു ചിന്തിക്കാൻ ഞാനും സമയമെടുത്തു എന്നതാണ് സത്യം.

അത്യാവശ്യം extrovert ആയ, ഇഷ്ടക്കാരോട് വാചാലമായി സംസാരിക്കുന്ന എന്നെ വേണ്ടപ്പെട്ട ഒരാൾ “വായാടി” എന്ന് തമാശക്ക് വിളിച്ചത് എത്ര നോവിച്ചു എന്ന് ഇപ്പോളും ഓർമ്മയുണ്ട്. അതിനു ശേഷം കുറെ നാൾ മിണ്ടാതിരിക്കാൻ കുറെ ശ്രമിച്ചതും.കുറെ കാലമായി കാറോടിക്കാതെ മടി പിടിച്ചിരുന്നു അടുത്ത കാലത്ത് വീണ്ടും വണ്ടിയും കൊണ്ടിറങ്ങിയപ്പോൾ വഴിയിൽ കണ്ട കുടുംബക്കാരൻ പറഞ്ഞത് “കാറും ഉരുട്ടിക്കൊണ്ട്” പോകുന്നത് കണ്ടല്ലോ എന്നാണ്. പിന്നെ നിങ്ങളൊക്കെ തലയിൽ വച്ചാണോ കൊണ്ട് പോകുന്നത് എന്നാണ് അതിനുള്ള മറുപടിയായി തോന്നിയത്. നേരിട്ടാണ് പറഞ്ഞതെങ്കിൽ അങ്ങിനെ തന്നെ മറുപടി കൊടുത്തേനെ.

പരിചയക്കുറവ് കൊണ്ട് കാണിച്ച ഒരു അബദ്ധത്തിനു വേറൊരു ബന്ധു പറഞ്ഞതാവട്ടെ, ‘നല്ല ആളെ കൊണ്ടാ ഓടിപ്പിക്കുന്നത് നിനക്കൊന്നും വേറെ പണിയില്ലേ ‘ എന്ന്. നമ്മുടെ ആത്മവിശ്വാസത്തെ തകർക്കാൻമാത്രമേ ഇത്തരം കമന്റുകൾക്ക് കഴിയൂ എന്നും ഇതിനോടൊക്കെ “പോടാ പുല്ലേ” എന്നാണ് മറുപടി കൊടുക്കേണ്ടത് എന്നും വ്യക്തമായ ബോധ്യമുണ്ടായിട്ടും ദിവസങ്ങളോളം ഉള്ളിലൊരു സങ്കടമായി ആ വാക്കുകൾ കിടന്നു എന്ന് അവർ സ്വപ്നത്തിൽ പോലും ചിന്തിക്കുമോ?അതിന് പകരം സാരമില്ല, ഇങ്ങനൊക്കെയാണ് പഠിക്കുന്നത് എന്നൊരു വാക്കായിരുന്നെങ്കിലോ? സാരമില്ല ശെരിയാവും, മിടുക്കി/ മിടുക്കനാണ് എന്നാണ് പറഞ്ഞിരുന്നതെങ്കിലോ? എത്ര വലിയ പ്രോത്സാഹനമായിരിക്കുമത്…!വലിയ തമാശ ഇവരാരും നമ്മളോട് ദേഷ്യമുള്ളവരല്ല എന്നതാണ്. മറിച്ച് നമ്മെ സ്നേഹിക്കുന്നവരും നമ്മൾ നന്നായിരിക്കുവാൻ ആഗ്രഹിക്കുന്നവരും തന്നെയാണ്.

നമ്മെ തളർത്താൻ ഉദ്ദേശിച്ചുമല്ല ഇത്തരം കമന്റുകൾ അവർ പറയുന്നതും.അത് കൊണ്ട് ഇത്രയേ ഉള്ളൂ, പറയാൻ പോകുന്നത് കേൾക്കുന്നയാൾക്ക് പോസിറ്റീവ് ആയാണോ നെഗറ്റീവ് ആയാണോ ഫീൽ ചെയ്യുക എന്നൊന്ന് ചിന്തിച്ച ശേഷം മറ്റുള്ളവരോട് പറയുക. അതിപ്പോ അയ്യോ ക്ഷീണിച്ചു പോയല്ലോ, കോലം കെട്ടല്ലോ, കറുത്ത് പോയല്ലോ, എന്നിങ്ങനെ ഏറ്റവും bottom line കുശലന്വേഷണങ്ങളായാലും.മറ്റൊരാളുടെ വേദനക്ക് നമ്മൾ കാരണമാവുന്നതിനേക്കാൾ വലിയ ദുരന്തമില്ലല്ലോ…!