‘മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ല’; അന്തരിച്ച സൈനിക മേധാവി ബിപിന്‍ റാവത്തിനെ വിമര്‍ശിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ രശ്മിത

അന്തരിച്ച സൈനിക മേധാവി ബിപിന്‍ റാവത്തിനെ വിമര്‍ശിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച രശ്മിത ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും വ്യക്തമാക്കി. കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും അവര്‍ വിമര്‍ശനമുന്നയിച്ചു.

സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തി. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം ജനറൽ ബിപിൻ റാവത്തിനെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച സർക്കാർ പ്ലീഡൻ അഡ്വ രശ്മിത രാമചന്ദ്രനെ തസ്തികയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അഡ്വ. സുരേഷ് രംഗത്തെത്തി. ഇതിന് മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു രശ്മിതയെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം രംഗത്ത് വന്നത്.