ആസ്തിയുടെ നാലിലൊന്ന് കടബാധ്യതയുമായി കെ.എസ്.ഇ.ബി.

ആസ്തിയുടെ നാലിലൊന്ന് കടബാധ്യതയുമായി കെ.എസ്.ഇ.ബി. രം​ഗത്ത്. 36500 കോടി രൂപയുടെ ആസ്തിയുള്ള കെ.എസ്.ഇ.ബിക്ക് 9,056 കോടിയാണ് നിലവിലെ കടം. വര്‍ഷംതോറും കുന്നുകൂടുന്ന കുടിശിക 2,700 കോടി പിന്നിട്ടു.

നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കെ.എസ്.ഇ.ബി. 9056 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷംവരെ കെ.എസ്.ഇ.ബിയുടെ കടം. 2021-22 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍കൂടി പുറത്തുവരുന്നതോടെ ബാധ്യത ഇനിയും ഉയരും.

കഴിഞ്ഞ അഞ്ചുവര്‍ഷവും തുടര്‍ച്ചയായി വലിയ സാമ്പത്തിക നഷ്ടമാണ് ബോര്‍ഡ് നേരിട്ടത്. 2016-17 ല്‍ 1493 കോടിയും, 2017-18 ല്‍ 784 കോടിയും, 2018-19 ല്‍ 290 കോടിയും, 2019-20 ല്‍ 269 കോടിയും, 2020-21 ല്‍ 1822 കോടിയും നഷ്ടമുണ്ടായി. കഴിഞ്ഞ സാമ്പത്തികവര്‍ഷവും ആയിരം കോടിയോളം നഷ്ടമാണ് രേഖപ്പെടുത്തിയത്.

ഇതിനിടെ കുടിശിക ഇനത്തില്‍ പിരിച്ചെടുക്കാനുള്ളത് 2784 കോടി രൂപയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ 994 കോടിയും സ്വകാര്യസ്ഥാപനങ്ങള്‍ 1121 കോടിയും, ഗാര്‍ഹിക ഉപഭോക്താക്കള്‍ 496 കോടിയും നല്‍കാനുണ്ടെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.