രണ്ടായിരം രൂപ നോട്ട് മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി. രണ്ടായിരം രൂപയുടെ നോട്ട് മാറ്റി വാങ്ങാനുള്ള സമയപരിധി റിസര്‍ബാങ്ക് നീട്ടി. ഒക്ടോബര്‍ ഏഴ് വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. സെപ്റ്റംബര്‍ 30 വരെയായിരുന്നു നോട്ട് മാറ്റുവാന്‍ മുമ്പ് അനുവദിച്ച സമയം. റിസര്‍ ബാങ്കിന്റെ ഇപ്പോഴത്തെ നടപടി വിദേശത്തുള്ള ഇന്ത്യക്കാരുടെ സൗകര്യം കൂടി കണക്കിലെടുത്താണ്.

പുറത്തിറങ്ങിയ 2000 രൂപ നോട്ടുകളില്‍ സെപ്റ്റംബര്‍ മാസം തന്നെ 93 ശതമാനവും തിരികെ എത്തിയിരുന്നു. രാജ്യത്ത് 3.42 കോടിയുടെ നോട്ടുകളാണ് പ്രചാരത്തിലുള്ളത്. മുഴിവന്‍ തുകയും മടങ്ങി എത്തിയേക്കും എന്ന സാധ്യത കൂടെ കണക്കിലെടുത്താണ് സമയം നീട്ടിയത്. അതേസമയം ഒക്ടോബര്‍ എട്ടിന് ശേഷം ലഭിക്കുന്ന നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിച്ചേക്കില്ല. കഴിഞ്ഞ മാസം 19നാണ് രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചത്.

ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം. നോട്ട് നിരോധനത്തിന് പിന്നാലെ വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കുന്നതിനാണ് 2000 രൂപ നോട്ടുകള്‍ ഇറക്കിയത്. ലക്ഷ്യം പൂര്‍ത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകള്‍ ലഭിക്കുകയും ചെയ്തതോടെയാണ് നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചത്.