എം.ശിവശങ്കറിൻ്റെ സസ്പെന്‍ഷന്‍ പിൻവലിച്ചേക്കും; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിൻ്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. ശുപാർശയിൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഡോളര്‍ കേസില്‍ കസ്റ്റംസ് വിശദാംശങ്ങള്‍ നല്‍കിയില്ലെന്നും സമിതി കണ്ടെത്തി. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വർ‍ഷമായി സസ്പെൻഷിലുള്ള ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസമാവില്ലെന്നുമാണ് സമിതിയുടെ ശുപാർശ.

കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്നു സസ്പെൻഷൻ. നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയിൽ വാസം അനുഭവിച്ചു. ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേർത്തുവെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല. ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയായിട്ടുമില്ല. വിഷയത്തിൽ മുഖ്യമന്ത്രിയും അനുകൂല തീരുമാനമെടുക്കുമെന്നാണ് സൂചന.