നെയ്യാറ്റിന്‍കരയിലെ ഭൂമി വസന്തയുടേത്, രാജന്‍ കൈയ്യേറിയതാണെന്നും റിപ്പോര്‍ട്ട്

നെയ്യാറ്റിന്‍കര: കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കവേ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദത്തിലായ ഭൂമി അയല്‍വാസി വസന്തയുടേതെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച്‌ നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വസന്ത വാങ്ങിയ ഭൂമി രാജന്‍ കയ്യേറിയതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം താമസിക്കുന്ന രാജന്‍ കുടിയൊഴിപ്പിക്കല്‍ തടയാനായി ഭാര്യയെ ചേര്‍ത്തുപിടിച്ച്‌ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും പൊള്ളലേറ്റത്. സംഭവത്തില്‍ പൊലീസിന്‍റെ പെരുമാറ്റത്തില്‍ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. എസ്.ഐ. അനില്‍കുമാറിനും പൊള്ളലേറ്റിരുന്നു.

രാജന്‍ സ്ഥലം കൈയ്യേറിയെന്ന് കാണിച്ച്‌ അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഡ്വക്കേറ്റ് കമ്മിഷനെ നിയമിച്ച്‌ അന്വേഷണം നടത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് ആത്മഹത്യാശ്രമം നടത്തിയത്.

ലക്ഷം വീട് കോളനിയിലെ പുറമ്ബോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്. കഴിഞ്ഞ 22നായിരുന്നു സംഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്ബിളി ചികിത്സയിലിരിക്കെയും പിന്നീട് മരിച്ചിരുന്നു.

അതിനിടെ ബോബി ചെമ്മണ്ണൂര്‍ വസന്തയില്‍നിന്ന് ഭൂമി വിലക്ക് വാങ്ങി രാജന്‍റെ മക്കള്‍ക്ക് നല്‍കിയത് വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു