റിപ്പബ്ലിക് ദിന ഘോഷയാത്ര സാംസ്‌കാരിക ദേശീയതയുടെ പ്രദർശനം

ന്യൂഡൽഹി. രാജ്യം 74മത് റിപ്പബ്ലിക് ദിന ഘോഷയാത്രയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന സാംസ്‌കാരിക ദേശീയതയുടെ അടയാളങ്ങൾ. തനിമയും സ്വാതന്ത്ര്യപോരാട്ടവും അടയാളപ്പെടുത്തുന്ന ദൃശ്യങ്ങളാകും ഘോഷയാത്രയ്ക്ക് ചാരുത പകരുക. ദേവഘട്ടിലെ ഐതിഹാസികമായ ബാബധാം ക്ഷേത്രമാതൃകയ്ക്ക് മുന്നിൽ ബിർസ മുണ്ടയുടെ പ്രതിമയാണ് ഝാർഖണ്ഡ് അവതരിപ്പിക്കുക.

പൈക എന്ന പരമ്പരാഗത നൃത്തവും ആദിവാസി കലാരൂപമായ സൊഹ്‌റായിയും അകമ്പടിയാകും. ഭഗവാൻ കൃഷ്ണന്റെ ഗീതാദർശനവും വിശ്വരൂപവുമാണ് അന്താരാഷ്ട്ര ഗീതാ മഹോത്സവം വിഷയമാക്കിയ ഹരിയാനയുടെ ടാബ്ലോ. ശക്തിപീഠങ്ങളും ശ്രീശക്തിയും എന്ന ആശയത്തോടെയാണ് മഹാരാഷ്ട്ര സർക്കാർ ചിത്രരഥം അവതരിപ്പിക്കുക.

കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രം, തുൾജാഭവാനിയിലെ ശ്രീ ക്ഷ്രേത, മഹൂരിലെ രേണുകാദേവി, വാണിയിലെ സപ്തശൃംഗി ദേവിക്ഷേത്രം എന്നിവയാണ് രഥത്തിലുണ്ടാവുക. സ്ത്രീ ശാക്തീകരണത്തിന്റെ അടയാളമായി യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കൊൽക്കത്തയിലെ ദുർഗാ പൂജ ബംഗാളിന്റെ ടാബ്ലോയാകും.

മുഗളാധിപത്യത്തിനെതിരെ പോരാടിയ അഹോം പടനായകൻ ലചിത് ബർഫുക്കനും കാമാഖ്യ ക്ഷേത്രവുമാണ് ആസാമിന്റെ പെരുമ ഉയർത്തിപ്പിടിക്കുന്നത്. മാനസ്ഖണ്ഡ് എന്ന ആശയവുമായി ജഗദേശ്വരക്ഷേത്രവും ദേവദാരുമരങ്ങളും പക്ഷിമൃഗാദികളുമൊത്തിചേരുന്ന മനോഹര പ്രകൃതിദൃശ്യമാണ് ഉത്തരാഖണ്ഡിന്റെ ടാബ്ലോ.