ഓണവും ക്രിസ്തുമസും ഈസ്റ്ററും വിഷുവുമെല്ലാം വീട്ടിൽ ആഘോഷിക്കും- രശ്മി ബോബൻ

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ മികച്ച കഥാപാത്രങ്ങളുമായി വർഷങ്ങളായി പ്രേക്ഷകർക്ക് രശ്മി ബോബനെ അറിയാം. അച്ചുവിന്റെ അമ്മ, രാപ്പകൽ,വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളിൽ രശ്മി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.ചലച്ചിത്ര സംവിധായകനും നടനുമായ ബോബൻ സാമുവലിനെയാണ് രശ്മി വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു.പെയ്തൊഴിയാതെ എന്ന സിനിമയിലെ അസ്സോസിയേറ്റ് സംവിധായകനായിരുന്നു ബോബൻ സാമുവേൽ കുറച്ചു നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതർ ആകുന്നത്. രണ്ട് ആൺകുട്ടികളാണ് ഇരുവർക്കും. ഇപ്പോളിതാ ഓണാഘോഷത്തെക്കുറിച്ച് പറയുകയാണ് താരം , വാക്കുകൾ

സിനിമ-സീരിയല്‍ ഫീല്‍ഡില്‍ വന്നതിന് ശേഷം ഒന്നിലേറെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. ലൊക്കേഷനില്‍ എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കുന്നത് വലിയ സന്തോഷമാണ്. ലൊക്കേഷനുകളില്‍ എല്ലാവരും കുടുംബാംഗങ്ങളെ പോലെയാണ്. അതുകൊണ്ട് ഓണം മാത്രമല്ല, ആഘോഷിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ വിട്ട് കളയാറില്ല.

വീട്ടില്‍ ഞാനും ഭര്‍ത്താവ് ബോബന്‍ സാമുവലും വ്യത്യസ്ത മതവിഭാഗങ്ങളില്‍ ഉള്ളവര്‍ ആയതിനാല്‍ ഓണവും ക്രിസ്തുമസും ഈസ്റ്ററും വിഷുവുമെല്ലാം ഞങ്ങള്‍ ആഘോഷിക്കും. ഇരുകുടുംബങ്ങളും അതില്‍ പങ്കുചേരും. മതം ഞങ്ങളുടെ വീട്ടിലെ വിഷയമല്ല. കുട്ടകളോട് പറയാറുള്ളത് നല്ല മനുഷ്യരായി ജീവിക്കണം എന്നാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിന് മതം ആവശ്യമില്ല.

ഇന്ന് കാലം മാറി. പൂക്കളും ഓണസദ്യയുമെല്ലാം പൈസ കൊടുത്ത് വാങ്ങുന്ന സാഹചര്യമാണ്. അണുകുടുംബങ്ങള്‍ ആയതോടെ ഉണ്ടായ മാറ്റമാണിത്. അതാരുടെയും കുറ്റമല്ല. ജീവിത സാഹചര്യങ്ങള്‍ മാറുന്നതോടെ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്. മിക്കവാറും വീടുകളില്‍ സ്ത്രീകള്‍ തന്നെയായിരിക്കും എല്ലായിപ്പോഴും അടുക്കളയില്‍. ഓണത്തിന് അവധിയെടുക്കാം എന്ന് അവര്‍ തീരുമാനിച്ചാല്‍ തെറ്റ് പറയാന്‍ ആകില്ലല്ലോ. അടുക്കളയില്‍ സ്ത്രീയും പുരുഷനും തുല്യമായി ഉത്തരവാദിത്തങ്ങള്‍ പങ്കിട്ടാല്‍ ഓണം പൈസ കൊടുത്ത് വാങ്ങേണ്ടതില്ല