വിവാഹേതര ലൈംഗീക ബന്ധം കുറ്റം അല്ല, ഡിവോഴ്സ് എന്നത് ഒരു കരാർ അവസാനിപ്പിക്കൽ മാത്രം- രശ്മി ആർ നായർ

പ്രവാസിയായ ബൈജു രാജുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യക്ക് നേരെ ​ഗുരുതരമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ബൈജുവിന്റെ ഭാഗത്താണ് ന്യായമെന്ന് ഒരു കൂട്ടർ പറയുമ്പോൾ, അതല്ല ഭാര്യയുടെ ഭാഗമാണ് ശരിയെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രശ്മി ആർ നായർ. വിവാഹ ജീവിതവും കുടുംബവും ഒക്കെയാണ് ജീവിതത്തിന്റെ പരമോന്നത ലക്ഷ്യങ്ങൾ എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു സമൂഹത്തിൽ ചിലപ്പോൾ മനുഷ്യൻ ഡിവോഴ്സ് എന്നൊക്കെ കേട്ടാൽ അതിൽ ഭേദം മരണമാണ് എന്നൊക്കെ ചിന്തിച്ചേക്കാം തകർന്നു പോയേക്കാമെന്ന് രശ്മി സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

വിവാഹേതര ലൈംഗീക ബന്ധം കുറ്റം അല്ലാതാക്കി കൊണ്ടുള്ള വിധി പാസാക്കുന്ന സമയം സുപ്രീം കോടതി പറഞ്ഞത് അത് ഡിവോഴ്‌സിനുള്ള കാരണമായി പരിഗണിക്കാം എന്നാണു. അതിനപ്പുറം അതിൽ കുറ്റമൊന്നുമില്ല. വിവാഹ ജീവിതവും കുടുംബവും ഒക്കെയാണ് ജീവിതത്തിന്റെ പരമോന്നത ലക്ഷ്യങ്ങൾ എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു സമൂഹത്തിൽ ചിലപ്പോൾ മനുഷ്യൻ ഡിവോഴ്സ് എന്നൊക്കെ കേട്ടാൽ അതിൽ ഭേദം മരണമാണ് എന്നൊക്കെ ചിന്തിച്ചേക്കാം തകർന്നു പോയേക്കാം .

രണ്ടു മനുഷ്യർ തമ്മിലുള്ള നാല് സ്വകാര്യ സംഭാഷണങ്ങളുടെ വീഡിയോ റിക്കോർഡിങ്ങും കണ്ടിട്ട് അവളെ കൊല്ലണം അവൻ ടോക്സിക് ആണ് എന്നൊക്കെ വിധി പ്രഖ്യാപിക്കാൻ നിങ്ങൾ ആരാണ്. നിങ്ങളുടെ മകനോ മകളോ ഒന്നും നാളെ ഇങ്ങനെ തകർന്നു പോകാതിരിക്കണം എങ്കിൽ ഈ വിവാഹം എന്ന് പറയുന്നത് വലിയ തേങ്ങാ ഒന്നും അല്ല അത് കഴിച്ചില്ലേലും ഒന്നും സംഭവിക്കില്ല ഡിവോഴ്സ് എന്നത് ഒരു കരാർ അവസാനിപ്പിക്കൽ മാത്രമാണ് അല്ലാണ്ട് അവിടെ ഒന്നും അവസാനിക്കിന്നില്ല എന്ന് പഠിപ്പിച്ചു കൊടുക്കുക . അങ്ങനെ ഒരു ബോധം ഉണ്ടായിരുന്നെങ്കിൽ ആ മനുഷ്യൻ ഇന്നും ഭൂമിയിൽ ഉണ്ടായേനെ.