ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള തിരഞ്ഞെടുപ്പ് : രണ്ടാം ഘട്ടത്തിലും ഇന്ത്യന്‍ വംശജന്‍ റിഷി സുനക് മുന്നില്‍

ലണ്ടന്‍: അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലും ഇന്ത്യന്‍ വംശജന്‍ റിഷി സുനകിന് ഏറ്റവും കൂടുതല്‍ വോട്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 101 എം പിമാര്‍ റിഷി സുനകിനെ പിന്തുണച്ചു.രണ്ട് പേര്‍ മാത്രം മത്സര രംഗത്ത് ശേഷിക്കുംവരെ പല ഘട്ടങ്ങളായി എം പിമാര്‍ക്ക് ഇടയില്‍ വോട്ടെടുപ്പ് നടക്കും. ജൂലൈ 21 ന് ഈ പ്രാഥമിക വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും. അവസാന റൗണ്ടില്‍ എത്തുന്ന രണ്ടു പേരില്‍ ആരാകും പ്രധാനമന്ത്രി എന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കും.

പെന്നി മോഡന്‍റ് 83 വോട്ട് നേടി രണ്ടാമത് എത്തി. ലിസ് ട്രസ് 64 വോട്ട് നേടി മൂന്നാമത് എത്തി. സുവല്ല ബ്രവര്‍മാന്‍ മത്സരത്തില്‍ നിന്ന് പുറത്തായി. ഇനി പ്രധാനമന്ത്രി പദത്തിലേക്ക് മത്സര രംഗത്ത് അഞ്ചു പേര്‍ മാത്രമാണ് ശേഷിക്കുന്നത്. ബോറിസ് ജോണ്‍സനോട് വിയോജിച്ച്‌ രാജിവെച്ച മന്ത്രിയാണ് റിഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത ആണ് റിഷി സുനകിന്‍റെ ഭാര്യ.

ബോറിസ് ജോണ്‍സന്റെ പിന്‍​ഗാമിയായി റിഷി സുനക്കിനാണ് കൂടുതല്‍ സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. റിഷി സുനക് പ്രധാനമന്ത്രിയായാല്‍ ഈ പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായിരിക്കും ഇദ്ദേഹം. നേരത്തെ തന്നെ ഇന്ത്യന്‍ വംശജനായ റിഷി സുനക് ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിരന്തര വിവാദങ്ങള്‍ക്ക് പിന്നാലെ ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നു ബോറിസ് ജോണ്‍സന്റെ രാജിവെച്ചതിന് പിന്നാലെയാണ് റഷി സുനക്കിന്റെ പേര് അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നത്. ബോറിസ് ജോണ്‍സന്റെ രാജിക്ക് തുടക്കമിട്ട് ആദ്യം രാജിവെച്ചത് ധനമന്ത്രിയായിരുന്ന റിഷി സുനക്ക് ആയിരുന്നു.

പഞ്ചാബില്‍ നിന്നാണ് റിഷി സുനാക്കിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ റിഷിയെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നിയമിച്ചത്. ബ്രിട്ടനില്‍ ഏറെ ജനപിന്തുണയും ജനപ്രീതിയുമുള്ള നേതാവാണ് റിഷി സുനക്ക്. കൊവിഡ് പ്രതിസന്ധിക്കാലത്താണ് റിഷി സുനക്കിന്റെ ജനപ്രീതിയുയര്‍ന്നത്. ബിസിനസുകാര്‍ക്കും തൊഴിലാളികള്‍ക്കുമായി നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ വന്‍ ശ്രദ്ധയാകര്‍ഷിച്ചു. ബോറിസ് ജോണ്‍സന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയറിയിച്ചാണ് റിഷി രാജിവെച്ചത്. പിന്നാലെ പത്തോളം മന്ത്രിമാര്‍ രാജിവെച്ചതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുകയും ബോറിസ് ജോണ്‍സണ് രാജിവെക്കേണ്ടി വരുകയും ചെയ്തു.