മലയാളത്തില്‍ ചെയ്യുന്നത് പോലെ വേണ്ടെന്ന് തമിഴ്, തെലുങ്ക് സിനിമകളില്‍ നിന്നും പറയും, രോഹിണി പറയുന്നു

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് രോഹിണി. ബാലതാരമായി എത്തിയ നടി പിന്നീട് നായികയായി മാറുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 130ല്‍ അധികം ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നടന്‍ രഘുവരനായിരുന്നു ഭര്‍ത്താവ്. 2004ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. നടിയുടെ പുതിയ മലയാള സിനിമയാണ് കോളാമ്പി. ഇപ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതകതിനൊപ്പം മലയാളത്തില്‍ മാത്രമാണ് തനിക്ക് കൂടുതല്‍ റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ ലഭിച്ചതെന്ന് പറയുകയാണ് രോഹിണി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

രോഹിണിയുടെ വാക്കുകള്‍ ഇങ്ങനെ, കേരളത്തിലേക്ക് വരുമ്പോള്‍ അതൊരു സ്പെഷ്യല്‍ ഫീല്‍ ആണ്. കുറച്ച് പ്രായമായ ദമ്ബതികളുടെ കഥ പറയുന്ന ചിത്രമാണ് കോളാമ്പി. വളരെ നിഷ്‌കളങ്കമായ കഥാപാത്രമാണ് ചിത്രത്തില്‍ ചെയ്യുന്നത്. കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തതും ഞാന്‍ തന്നെയാണ്. മലയാളത്തില്‍ മാത്രമാണ് തനിയ്ക്ക് കൂടുതല്‍ റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ കിട്ടിയത്. തമിഴിലും തെലുങ്കിലുമൊക്കെ പോകുമ്പോള്‍, ‘അമ്മാ നിങ്ങള്‍ മലയാളത്തില്‍ ചെയ്തത് ഇവിടെ വേണ്ട’ എന്ന് പറയും. മലയാളത്തില്‍ എപ്പോഴും റിയലിസ്റ്റിക് ആയിട്ടാണ് വേണ്ടത്. ഇവിടെ കൂടുതല്‍ നാടകീയമായി അഭിനയിക്കേണ്ടതില്ല. പത്മരാജന്‍ സാറിന്റെയൊക്കെ സിനിമയില്‍ അഭിനയിക്കണം എന്നല്ല, ജസ്റ്റ് പെരുമാറിയാല്‍ മതി എന്നാണ് പറയുന്നത്

സിനിമയെ കൂടുതലായി റിയലിസ്റ്റിക്കായി കാണാന്‍ പഠിച്ചത് മലയാളത്തില്‍ നിന്നാണ്. ഒരു കഥാപാത്രം വരുമ്പോള്‍ അതിന്റെ ടോണ്‍ നോക്കും. ഒരു സന്ദര്‍ഭത്തോട് എങ്ങിനെയാണ് ആ കഥാപാത്രം പ്രതികരിയ്ക്കുന്നത്, അല്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നൊക്കെ പഠിയ്ക്കും. നമ്മുടെ ഉള്ളിലെ ചില കണക്കു കൂട്ടലുകള്‍ ശരിയാണോ എന്ന് ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിയുമ്പോള്‍ മനസ്സിലാവും. ഒരേ ടോണില്‍ പോകുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ രസമില്ല. ഒരു ഘട്ടത്തില്‍ അതിന് മാറ്റങ്ങള്‍ വരണം. ചില കഥാപാത്രങ്ങള്‍ക്ക് മാനസികമായ തയ്യാറെടുപ്പുകളാണ് ആവശ്യം. ചിലതിന് ശാരീരിക മുന്നൊരുക്കങ്ങള്‍ വേണ്ടി വരും. അപ്പോള്‍ അതിന് വേണ്ട പരിശീനങ്ങള്‍ നടത്തും. കോളാമ്പിയിലെ കഥാപാത്രത്തിന് മാനസികമായ തയ്യാറെടുപ്പുകളാണ് നടത്തിയത്.