ചതി ചെയ്തവർക്കൊപ്പം പ്രവർത്തിക്കാൻ കഴിയില്ല, സിപിഎം മെമ്പർഷിപ്പ് പുതുക്കില്ല, എസ് രാജേന്ദ്രന്‍

തൊടുപുഴ: സിപിഎം അംഗത്വം പുതുക്കാന്‍ താത്പര്യമില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍, സിപിഎം നേതാക്കളെത്തി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി അംഗത്വം പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനര്‍ഥം ബിജെപിയില്‍ പോകുമെന്നല്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന വാർത്തകൾക്കു പിന്നാലെയാണ് സിപിഎം മെമ്പർഷിപ്പ് പുതുക്കില്ലെന്നു വ്യക്തമാക്കി എസ്.രാജേന്ദ്രൻ രം​ഗത്തുവന്നിരിക്കുന്നത്.

‘എന്റെ മാനസിക വിഷമത്തിന്റെ ഭാഗമായുള്ള തീരുമാനമാണ്. അനുഭവിച്ചത് ഞാനാണ്. എന്നെ പ്രവര്‍ത്തിപ്പിക്കരുതെന്ന് കരുതിയ ആളുകളും ചതി ചെയ്ത ആളുകളോടൊപ്പം നില്‍ക്കാനും ഇരിക്കാനും പ്രയാസമുണ്ട്’ രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ താന്‍ തുടരരുതെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെവി ശശി ആഗ്രഹിക്കുന്നത്. ഏരിയാ സെക്രട്ടറിയാണ് മെമ്പര്‍ഷിപ്പ് പുതുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

ബിജെപിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയനേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടിൽ വന്നു കണ്ടു ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം സംസ്ഥാന നേതാക്കളും രാജേന്ദ്രനെ സമീപിച്ചിരുന്നു. മൂന്നാറിലെ തോട്ടം മേഖലയിൽ രാജേന്ദ്രനു സ്വാധീനമുള്ള തമിഴ് മേഖലകളിലെ വോട്ടുകളാണു ബിജെപിയുടെ ലക്ഷ്യം. ഇതിനായി പാർട്ടിയിലെ സ്ഥാനങ്ങളും വാഗ്ദാനം നൽകിയിരുന്നു. ഇതറിഞ്ഞതോടെ സിപിഎം നേതാക്കളും രംഗത്തിറങ്ങി.

കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നതായി എസ് രാജേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയിലേക്കെന്ന പ്രചാരണം തെറ്റാണെന്നും നിലവില്‍ അത്തരം കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ലെന്നുമായിരുന്നു രാജേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് എസ് രാജേന്ദ്രനെ സിപിഎമ്മില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2023 ജനുവരിയില്‍ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞെങ്കിലും അംഗത്വം പുതുക്കാന്‍ രാജേന്ദ്രന്‍ തയാറായില്ല.