നിലപാട് മാറ്റി ജി സുധാകരൻ; 50 കഴിഞ്ഞ സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചാൽ മതി

ആലപ്പുഴ : ശബരിമലയിൽ യുവതി പ്രവേശനത്തിൽ നിലപാട് മാറ്റി ജി സുധാകരൻ. ശബരിമലയിൽ 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ പ്രവേശിച്ചാൽ മതിയെന്ന് മുൻ മന്ത്രി ജി സുധാകരൻ പറഞ്ഞു. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ ആചാര ലംഘനം നടത്തിയാൽ നടയടച്ചിടുമെന്ന് തന്ത്രി പറഞ്ഞതിനെ രൂക്ഷമായി വിമർശിച്ച മന്ത്രിയായിരുന്നു ജി സുധാകരൻ. ശബരിമലയിൽ യുവതി പ്രവേശിച്ചതിനെ തുടർന്ന് ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ എന്നാണ് അന്ന് സുധാകരൻ ചോദിച്ചത്.

ഈ നിലപാടാണ് ഇപ്പോൾ മാറ്റി പറഞ്ഞിരിക്കുന്നത്. അജ്ഞാതമായവ നിലനിൽക്കുന്നിടത്തോളം കാലം ജ്യോതിഷത്തിന് പ്രസക്തിയുണ്ടെന്നും ജി സുധാകരൻ വ്യക്തമാക്കി. തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണെന്നും തന്ത്രിക്ക് അയ്യപ്പനോട് സ്‌നേഹമില്ലെന്നും ജി സുധാകരൻ മുൻപ് തുറന്നടിച്ചിരുന്നു.

ശബരിമലയിൽ നിന്ന് തന്ത്രിയെ മാറ്റണമെന്ന ആവശ്യവും അദ്ദേഹം ഉയർത്തിയിരുന്നു. ഇത് ഏറെ വിമർഷങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 50 കഴിഞ്ഞ സ്ത്രീകൾ ശബരിമലയിൽ കയറിയാൽ മതിയെന്ന് ജി സുധാകരൻ മാറ്റി പറയുന്നത്.

ഒരു ജ്യോതിഷിയും ആഭിചാര കൊല നടത്തിയിട്ടില്ല. രാഷ്‌ട്രീയക്കാരനാണ് ഇത് നടത്തുന്നത്. രാഷ്‌ട്രീയക്കാരുടെ കുപ്പായമിട്ട ഇത്തരക്കാർ കേരളത്തിൽ വർദ്ധിച്ചുവരികയാണ്. രാഷ്‌ട്രീയം ഒരു കലയാണ്. അത് മനസ്സിലാക്കാതെ കുറേയാളുകൾ രാവിലെ വെള്ളമുണ്ടും ഷർട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ്. ഫോൺവിളികളിലൂടെയാണ് ഇവർ രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസുകാരെയും കമ്യൂണിസ്റ്റുകാരെയും കേരളത്തിൽ തിരിച്ചറിയാൻ പറ്റാതായെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. കമ്യൂണിസ്റ്റുകാരിൽ നിന്ന് ജനങ്ങൾക്ക് പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ലെന്നും മുൻ മന്ത്രി കൂട്ടിച്ചേർത്തു.