സായ് പല്ലവി വിവാഹിതയായോ? പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ‘പ്രേമം’ എന്ന ചിത്രത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാൾ ആണ് സായ് പല്ലവി.

കഴിഞ്ഞ രണ്ടു ദിവസമായി സായ് പല്ലവി വിവാഹിതയായി എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രവും വാർത്തയും പ്രചരിക്കുന്നുണ്ട്. രാജ്കുമാർ പെരിയസാമി എന്ന സംവിധായകനെ സായ് പല്ലവി രഹസ്യമായി വിവാഹം ചെയ്തു എന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്. കഴുത്തിൽ മാലയണിഞ്ഞു നിൽക്കുന്ന സായ് പല്ലവിയേയും രാജ്കുമാർ പെരിയസ്വാമിയേയും ചിത്രത്തിൽ കാണുകയും ചെയ്യാം. സായ് പല്ലവിയുടെ ഫാൻ പേജുകളിലാണ് ചിത്രം പ്രചരിക്കുന്നത്.

സംഭവം സത്യമാണോ അതോ വ്യാജ വാർത്തയോ എന്ന ആശയക്കുഴപ്പത്തിലാണ് പലരും. എന്നാൽ ഈ വാർത്തിയിൽ കഴമ്ബില്ല എന്നതാണ് സത്യം. ശിവ കാർത്തികേയന്റെ 21ാമത്തെ സിനിമയുടെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രമാണിത്. ആ ചിത്രത്തിന്റെ സംവിധായകനാണ് രാജ്കുമാർ പെരിയസാമി.

ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ഭാഗമായിട്ടാണ് ഇരുവരും മാല ധരിച്ചത്. യഥാർത്ഥ ചിത്രത്തിൽ സംവിധായകന്റെ കയ്യിൽ ഒരു ക്ലാപ്പ് ബോർഡ് ഉണ്ട്. ഇത് കട്ട് ചെയ്തു മാറ്റിയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.