കമ്യൂണിറ്റിയെ അടിച്ചമർത്താൻ ശ്രമിക്കുന്ന കുറച്ച് കൊച്ചമ്മമാരുണ്ട്, കൊച്ചമ്മമാർക്കെതിരെ തെളിവും ഉണ്ട്, മുന്നറിപ്പുമായി സജ്ന

ട്രാൻസ്‌ജെൻഡർ സജ്ന ഷാജി എറണാകുളത്ത് വഴിയരികിലെ തന്റെ ബിരിയാണി കച്ചവടം പുനരാരംഭിച്ചു. ബിരിയാണി കച്ചവടം ആരംഭിച്ച സമയത്ത് തന്നെ ചിലർക്കുള്ള മുന്നറിയിപ്പുമായി സജ്ന ഫേസ്ബുക്കിൽ ലൈവും വന്നു. സജ്ന ചിലർക്കെതിരെ ഒളിയമ്പെയ്യുന്നത് ഇങ്ങനെയാണ്.‘ഒരു കമ്യൂണിറ്റിയെ തന്നെ അടിച്ചമർത്താൻ ശ്രമിക്കുന്ന കുറച്ച് കൊച്ചമ്മമാരുണ്ട്. മൂന്നുവർഷം കൊണ്ട് അവർ എങ്ങനെയാണ് കൊമ്പത്ത് എത്തിയത് എന്ന് തെളിവു സഹിതം മാധ്യമങ്ങൾക്ക് മുന്നിൽ ഞാൻ ഉടൻ പറയും.’ എന്ന് സജ്ന പറയുന്നു.

അവരെക്കാൾ ഉയരരുത് എന്ന് ചിന്തിക്കുന്ന കുറച്ചുപേരുണ്ട്. അവരാണ് ഇതിന്റെ പിന്നിലെന്നും സജ്ന ആരോപിക്കുന്നു. തന്റെ ജീവിതം തകർക്കാൻ ശ്രമിക്കുന്നവരുടെ പേരു പറയാതെ സജ്ന മുന്നറിയിപ്പ് നൽകുന്നു. തനിക്ക് വീടൊന്നും വേണ്ടെന്നും കച്ചവടം ചെയ്ത് ജീവിച്ചാ മതിയെന്നും തുറന്നുപറഞ്ഞാണ് പുതിയ വിഡിയോ പങ്കിട്ടിരിക്കുന്നത്.ബിരിയാണി വിൽക്കുവാനെത്തിയ തന്നെ വിൽപന നടത്താനനുവദിക്കാതെ ചിലർ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത് കേരളത്തിൽ ഏറെ ചർച്ചയായിരുന്നു.

സിനിമാ സാംസ്‌ക്കാരിക മേഖലയിലെ നിരവധി പേരാണ് സജ്നയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.  കൊച്ചിയിൽ വീണ്ടും ബിരിയാണിപ്പൊതികളുമായി ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് സജ്ന.ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സജ്‌ന പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിൽ നടപടിയുമായി മന്ത്രി കെകെ ശൈലജയും മുന്നോട്ടുവന്നിരുന്നു. എന്നാൽ സജ്നയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ പറയുന്ന കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചുകൊണ്ട് ചിലർ രംഗത്തെത്തിയിരുന്നു. ഇത്തരം വിവാദങ്ങളിൽ മനംനൊന്ത് സജന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ ബിരിയാണി കച്ചവടം പുനരാരംഭിച്ചത്.