സജി ചെറിയാൻ വീണ്ടും മന്ത്രി, മൂന്നരക്കോടി മലയാളികൾക്കുളള പുതുവർഷ സമ്മാനം, ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം.

തിരുവനന്തപുരം. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിച്ച് പരാമർശം നടത്തിയതിന് മന്ത്രി സ്ഥാനത്ത് നിന്നും രാജി നൽകി ഒഴിയേണ്ടി വന്ന സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നു എന്ന വാർത്തയാണ് കേരളത്തിൽ ഇപ്പോൾ മുഖ്യമായും ചർച്ചയാകുന്നത്. ഇത് മൂന്നരക്കോടി മലയാളികൾക്കുളള പുതുവർഷ സമ്മാനമാണെന്നാണ് അഡ്വക്കേറ്റ് എ. ജയശങ്കർ നടത്തിയിരിക്കുന്ന പരിഹാസം.

‘മൂന്നരക്കോടി മലയാളികൾക്കുളള പുതുവർഷ സമ്മാനം. ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം’ ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷകനായി സഖാവ് സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്. വകുപ്പ് സാംസ്‌കാരികവും ഫിഷറീസും തന്നെ. ഇങ്ങനെയാണ് രാഷ്‌ട്രീയ നിരീക്ഷകനായ ജയശങ്കർ പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചിട്ടുള്ളത്.

ഇതിനിടെ അടുത്ത ബുധനാഴ്ച സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കു മെന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ആണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിച്ചത്. 2022 ജൂലൈയിലായിരുന്നു സജി ചെറിയാൻ രാജിവച്ചത്. മന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ഭരണഘടനാവിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നായിരുന്നു രാജി. പിന്നീട് നടന്ന പോലീസ് അന്വേഷണത്തിൽ ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയതിനു തെളിവ് ഇല്ലെന്ന് പോലീസ് റിപ്പോർട്ട് നൽകി സജി ചെറിയാനെ ഭരണ സ്വാധീനത്തിന്റെ മറവിൽ രക്ഷിക്കുകയായിരുന്നു.

സംസ്ഥാനത്തൊട്ടാകെ സാമൂഹ്യ മാധ്യങ്ങൾ വഴി സജി ചെറിയാന്റെ പ്രസംഗം ലക്ഷങ്ങളാണ് കേട്ടത്. ഈ സാഹചര്യത്തിൽ ഭരണഘടനാവിരുദ്ധ പരാമർശങ്ങൾക്ക് തെളിവില്ലെന്ന് പറഞ്ഞു സജി ചെറിയാനെ വേണ്ടി മന്ത്രി സഭയിൽ ഉൾപ്പെടുത്തുന്നത് പിണറായി സർക്കാർ തന്നെ ഭരണഘടനാപരമായി നിയമക്കുരുക്കിൽ പെടാനുള്ള സാധ്യതയാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.