ദൈവം എന്നെ വിശ്വസിച്ച് ഏൽപ്പിച്ച നിധിയാണ് ഹന്ന മോൾ- സലീം കോടത്തൂർ‌

മാപ്പിളപ്പാട്ട് ഗായകൻ സലിം കോടത്തൂർ പ്രേക്ഷകർക്ക് സുപരിചിതനാണ്. സലീമിന്റെ മകൾ ഹന്നക്കും ആരാധകർ ഏറെയാണ്. മകൾക്ക് ജീവിതത്തിൽ ചില കുറവുകളുണ്ടെങ്കിലും അതൊന്നും മാനിക്കാതെയാണ് സലീം മകളെ വളർത്തുന്നത്. ഇനിയും ജന്മം വന്നാൽ അന്നും എന്റെ ഹന്നമോളുടെ ഉപ്പയായി ജനിക്കണം അതു തന്നെയാണ് എന്റെ ആഗ്രഹമെന്ന് സലീം പലതവണ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിത മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ മകൾ ഹന്നയ്ക്കൊപ്പം സലീം കോടത്തൂരും അതിഥിയായി എത്തിയപ്പോൾ പങ്കിട്ട വിശേഷങ്ങളാണ് വൈറലാകുന്നത്. വാക്കുകളിങ്ങനെ

ഒരു കാലത്ത് എന്റെ മാത്രം മാലാഖയായിരുന്നു… ഇന്ന് എല്ലാവരും ഇവളെ മാലാഖയായി കാണുന്നുണ്ട്. ദൈവം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചൊരു നിധിയാണ് എന്റെ ഹന്ന മോൾ. ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ടവരെ ദൈവത്തിന് വിശ്വാസമുള്ളവരെ ഏൽപ്പിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഹന്ന മോൾക്ക് ഇനിയും ഒരുപാട് പറക്കാനുണ്ട്. അതിനാൽ ഞാൻ‌‍ അവൾക്ക് ചിറകായി നിൽക്കുന്നു. സലീം കോടത്തൂരെന്ന പാട്ടുകാരനായിട്ട് അറിയപ്പെടാനല്ല ഹന്ന മോളുടെ പിതാവായി അറിയപ്പെടാനാണ് ആ​ഗ്രഹം.

മകളുടെ ചിറകിലേറി പറക്കാൻ സാധിക്കുന്നുവെന്നത് ഒരു അനു​ഗ്രഹമാണ്. ഞാൻ ഓർമവെച്ച നാൾ മുതൽ ആ​ഗ്രഹിക്കുന്നതാണ് മമ്മൂക്കയ്ക്കൊപ്പമൊരു വേദി. എനിക്കിപ്പോൾ നാൽപ്പത് വയസ് കഴിഞ്ഞു. പക്ഷെ എനിക്കത് സാധ്യമായത് മുപ്പത്തിയഞ്ച് വർഷം കാത്തിരുന്ന ശേഷം എന്റെ മകളിലൂടെയാണ്. അതുകൊണ്ട് തന്നെ എനിക്ക് അഭിമാനത്തോടെ വിളിച്ച് പറയാൻ സാധിക്കും ഞാൻ പുണ്യം ചെയ്ത പിതാവാണ്