വാക്ക് പാലിച്ച് സാമന്ത, നിര്‍ധന യുവതിക്ക് ജീവിതമാര്‍ഗമായി കാര്‍ വാങ്ങി നല്‍കി നടി

തെന്നിന്ത്യന്‍ സിനിമ ആരാധകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. 2017ല്‍ നടന്‍ നാഗചൈതന്യയുമായി സാമന്ത വിവാഹിതയായി. വിവാഹ ശേഷവും സിനിമകളില്‍ സജീവമാണ് നടി. അഭിനേത്രി എന്നതില്‍ ഉപരി ഒരു സാമൂഹിക പ്രവര്‍ത്തക കൂടിയാണ് സാമന്ത. ഇപ്പോഴിതാ ജീവിത പ്രയാസങ്ങള്‍ അനുഭവിക്കുന്ന കവിത എന്ന സ്ത്രീക്ക് കാര്‍ വാങ്ങി നല്‍കിയിരിക്കുകയാണ് സാമന്ത. പന്ത്രണ്ടര ലക്ഷത്തിന്റെ കാറാണ് നടി കവിതയ്ക്ക് സമ്മാനിച്ചത്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സാമന്ത നടത്തിയിരുന്ന ചാറ്റ് ഷോയുടെ ലൊക്കേഷനില്‍ കവിത എത്തിയിരുന്നു. ഇവിടെ വെച്ചാണ് കവിതയെ സാമന്ത പരിചയപ്പെടുന്നത്. ഗാര്‍ഹിക പീഡനത്തിന് ഇരയായ കവിത ജീവിക്കുന്നത് ഓട്ടോ റിക്ഷ ഓടിച്ചാണ്. അച്ഛനും അമ്മയും മരിച്ചതിന് ശേഷം ഏഴ് സഹോദരിമാര്‍ അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം താന്‍ മാത്രമാണെന്നും കവിത പറഞ്ഞിരുന്നു.

ഇവരുടെ കഥ കേട്ട സമാന്ത, അവര്‍ക്ക് കാര്‍ സര്‍വ്വീസ് നടത്താന്‍ സാധിച്ചാല്‍ കുറച്ച് കൂടെ മെച്ചപ്പെട്ട സാമ്പത്തിക നേട്ടമുണ്ടാവും എന്ന് മനസ്സിലാക്കുകയും ഒരു കാര്‍ വാങ്ങി തരാം എന്ന് പറയുകയും ചെയ്തിരുന്നു. ആ വാക്കാണ് സമാന്ത ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.

സിനിമകള്‍ ചെയ്യുന്നതില്‍ വളരെ അധികം സെലക്ടീവായ സമാന്തയുടെ അടുത്ത ചിത്രം ഗുണശേഖരന്‍ സംവിധാനം ചെയ്യുന്ന ശാകുന്തളമാണ്. അടുത്ത വര്‍ഷമാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.