അമ്മ കൂടെയുള്ളത് കൊണ്ടാണ് രക്ഷപ്പെട്ടു പോകുന്നത്, മക്കളെ കുറിച്ച് ആദ്യമായി മനസ് തുറന്ന് സംവൃത

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംവൃത സുനില്‍. വിവാഹ ശേഷം അമേരിക്കയില്‍ ഭര്‍ത്താവും കുട്ടികളുമായി കഴിയുകയാണ് താരം. വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തെങ്കിലും ബിജുമോനോന്റെ നായികയായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വീണ്ടും നടി വെള്ളിത്തിരയിലെത്തി. ഇപ്പോള്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയാകാനുള്ള ഒരുക്കത്തിലാണ് നടി. വെള്ളിത്തിരയില്‍ സജീവമാകുമ്പോള്‍ കുടുംബത്തിലെ തന്റെ ഇപ്പോഴത്തെ തിരക്കിനെ കുറിച്ച് ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് നടി.

‘മകനിപ്പോള്‍ കിന്റര്‍ഗാര്‍ഡനിലായി. കോവിഡ് ആയതിനാല്‍ ഇതുവരെ ഓണ്‍ലൈന്‍ ക്ലാസായിരുന്നു. ഇപ്പോള്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്‌കൂളില്‍ പോകണം. ഞായറാഴ്ച മുതല്‍ ചോദിച്ചു തുടങ്ങും നാളെ സ്‌കൂളില്‍ പോകാലോ എന്ന്. ബുധനും വ്യാഴവും റിക്കോര്‍ഡഡ് ക്ലാസും വെള്ളിയാഴ്ച ലൈവ് ക്ലാസുമാണ്. ഈ മൂന്ന് ദിവസവും ഞാന്‍ കൂടെയിരിക്കണം. രുദ്രയുള്ളതിനാല്‍ അതൊരു നല്ല പണിയാണ്. അക്ഷരങ്ങള്‍ പഠിപ്പിച്ചു കഴിഞ്ഞു സ്‌പെല്ലിങ്ങും വാക്യങ്ങളും കണക്കും വായനയുമെല്ലാം തുടങ്ങി. ഈ മാസം അവസാനത്തോടെ റെഗുലര്‍ ക്ലാസ് ആകുമെന്ന് പറയുന്നുണ്ട്.

അങ്ങനെയായാല്‍ സ്‌കൂളില്‍ നിന്ന് തന്നെ പഠിത്തമെല്ലാം നടക്കും. പിന്നെ ഹോം വര്‍ക്കൊന്നും കാര്യമായി ഉണ്ടാകില്ലെന്ന സമാധാനത്തിലാണ് ഞാന്‍. കുഞ്ഞുങ്ങള്‍ രണ്ടുപേര്‍ക്കും ഒരേ പോലെ സമയം വീതിച്ചു കൊടുക്കുക നല്ല ബുദ്ധിമുട്ട് തന്നെയാണ്. ഇപ്പോള്‍ അമ്മ കൂടെയുള്ളത് കൊണ്ടാണ് രക്ഷപ്പെട്ടു പോകുന്നത്. ഞാനും അഖിയും തന്നെയാകുമ്പോള്‍ എന്താകും എന്ന ടെന്‍ഷനുണ്ട്. നാട്ടിലാണെങ്കില്‍ വിളിച്ചാലെത്തുന്ന ദൂരത്ത് ആളുണ്ട്. ഇവിടെ സുഹൃത്തുക്കള്‍ മാത്രമാണുള്ളത്’. സംവൃത സുനില്‍ പറയുന്നു.