ഒരുമിച്ച് സഞ്ചരിക്കാൻ തുടങ്ങിയിട്ട് പത്ത് വർഷങ്ങൾ, വിവാഹ വാർഷികം ആഘോഷിച്ച് സംവൃത സുനിൽ

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് സംവൃത സുനിൽ.കരിയറിൽ തിളങ്ങി നിൽക്കവെയാണ് നടിയുടെ വിവാഹം.തുടർന്ന് അഭിനയത്തിൽ നിന്നും പിന്മാറിയ സംവൃത അടുത്തിടെ ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തി.രണ്ടാം വരവിലും മികച്ച സ്വീകാര്യതയാണ് സംവൃതയ്ക്ക് ആരാധകർ നൽകിയത്.

ഭർത്താവ് അഖിലിനോടൊപ്പം വിദേശത്ത് താമസമാക്കിയിരിക്കുകയാണ് താരം. പിന്നീട് പഴയ ചിത്രങ്ങളിൽ മാത്രമായിരുന്നു സംവൃതയെ പ്രേക്ഷകർ കണ്ടത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം സജീവമായിട്ടുണ്ട്. ആദ്യം കണ്ട സംവൃതയായിരുന്നില്ല രണ്ടാം വരവിൽ. ഗംഭീര മേക്കോവറിലായിരുന്നു നടി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

മുപ്പത്തിയഞ്ചുകാരിയായ സംവ‍ൃതയും ഭർത്താവ് അഖിലും ഇന്ന് പത്താം വിവാഹ വാ​ർഷികം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ പത്ത് വർഷത്തെ മനോഹരമായ യാത്രയെ കുറിച്ച് സംവൃത സോഷ്യൽമീഡിയയിൽ കുറിച്ചു. പത്ത് വർഷത്തെ ഒരുമിച്ചുള്ള യാത്രക്കിടെ സംഭവിച്ച കാര്യങ്ങൾ ചിത്രങ്ങളായി പകർത്തി അതൊരു വീ‍ഡിയോയിൽ കോർത്തിണക്കിയാണ് വിവാഹ വാർഷിക ദിനത്തിൽ സംവൃത പങ്കുവെച്ചത്.

ആദ്യമായി കണ്ടത്, വിവാഹം ദിവസം, മക്കളുടെ ജനനം, ​ഗർഭാവസ്ഥയിലായിരുന്നപ്പോഴുള്ള ചിത്രങ്ങൾ എന്നിവയെല്ലാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് പങ്കുവെച്ച സ്പെഷ്യൽ വീഡിയോയിൽ ഉൾപ്പെട്ടിരുന്നു.

രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. മകന്റെ ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു.