സ്റ്റേഷന്‍ ജാമ്യം വേണ്ട, പോലീസിനെതിരെ സനല്‍കുമാര്‍ ശശിധരന്‍ പ്രതിഷേധത്തില്‍

മഞ്ജു വാര്യരുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പോലീസിനെതിരെ പ്രതിഷേധത്തില്‍. ഇന്നലെ രാത്രിയോടെ ആരോഗ്യ പരിശോധനയ്ക്കു ശേഷം സ്റ്റേഷനില്‍ എത്തിച്ച് ജാമ്യം അനുവദിച്ചെങ്കിലും തനിക്കു സ്റ്റേഷന്‍ ജാമ്യം വേണ്ടെന്ന നിലപാടിലാണ്. നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റു ചെയ്തത്. അതുകൊണ്ടു തന്നെ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്നും അവിടെ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊള്ളാം എന്നുമാണ് സംവിധായകന്റെ നിലപാട്.

പ്രതിയെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. തിരുവനന്തപുരം പാറശാലയില്‍ വച്ചാണ് സനല്‍കുമാര്‍ ശശിധരനെ പൊലീസ് പിടികൂടിയത്. സൈബര്‍ സെല്ലിനു നല്‍കിയ പരാതി ഇവര്‍ താമസിക്കുന്ന എളമക്കര സ്റ്റേഷനിലേയ്ക്കു കൈമാറുകയായിരുന്നു. തനിക്കെതിരെ മഞ്ജു വാരിയര്‍ പരാതി നല്‍കിയ വിവരം പിടിയിലായ ശേഷമാണ് അദ്ദേഹം അറിയുന്നത്.

തനിക്കു ഭീഷണിയുണ്ടെന്നും ഗുണ്ടകളെ ഭയന്ന് ഒളിവില്‍ കഴിയുകയാണെന്നും പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ നടത്തിയ ഫെയ്സ്ബുക് ലൈവിനിടെ സനല്‍ കുമാര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ പ്രതിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തീരുമാനിച്ചെങ്കിലും രാത്രിയോടെ നിലപാടു മാറ്റി സ്റ്റേഷന്‍ ജാമ്യം അനുവദിക്കാവുന്ന ഐപിസി 345 ഡി മാത്രം ചുമത്തുകയായിരുന്നു. പിന്തുടര്‍ന്നു ശല്യം ചെയ്യുക, നിരീക്ഷിക്കുക തുടങ്ങിയ കുറ്റങ്ങളാണ് വകുപ്പു പ്രകാരം നിലനില്‍ക്കുന്നത്. തനിക്കു നോട്ടിസ് തരാതെ നടത്തിയ അറസ്റ്റിനെതിരെയാണ് സനല്‍കുമാറിന്റെ പ്രതിഷേധം.