‘ഇത്ര സമയം തങ്ങൾ കളിച്ചത് ഒരു പറ്റം സ്ത്രീകൾക്കെതിരെ; സ്ത്രീവിരുദ്ധ പരാമർശവുമായി സന്ദേശ് ജിങ്കൻ; താരത്തിനെതിരെ വിമർശനം

സ്ത്രീവിരുദ്ധ പരാമർശവുമായി എടികെ മോഹൻ ബഗാൻ്റെ ഇന്ത്യൻ ഡിഫൻഡർ സന്ദേശ് ജിങ്കൻ. ഇന്നലെ തൻ്റെ പഴയ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനു ശേഷമാണ് ജിങ്കൻ വിവാദ പരാമർശം നടത്തിയത്. ‘ഇത്ര സമയം തങ്ങൾ കളിച്ചത് ഒരു പറ്റം സ്ത്രീകൾക്കെതിരെയാണ്’ എന്നായിരുന്നു ജിങ്കൻ്റെ പരാമർശം. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതോടെ ജിങ്കനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി ജിങ്കൻ രംഗത്തെത്തിയിട്ടുണ്ട്. തൻ്റെ പ്രസ്താവനയിലൂടെ ബ്ലാസ്റ്റേഴ്സിനെയോ സ്ത്രീകളെയോ അധിക്ഷേപിച്ചതല്ലെന്നും ആ സമയത്ത് പറഞ്ഞുപോയതാണെന്നും ജിങ്കൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. താൻ സ്ത്രീകളെ ബഹുമാനിക്കുന്നയാണ്. തനിക്ക് ഭാര്യയും സഹോദരിയും അമ്മയുമൊക്കെയുണ്ട്. വനിതാ ഫുട്ബോൾ ടീമിനെ പിന്തുണക്കുന്നയാളാണ് താൻ. മത്സരത്തിനു ശേഷം ടീം അംഗങ്ങളുമായി തർക്കിക്കുന്നതാണ് നിങ്ങൾ കേട്ടത്. അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും ജിങ്കൻ കുറിച്ചു.