തോൽവികളെ നേരിടാൻ മടിയില്ല, എന്നാലും ഭയമാണ്- സാനിയ

പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുള്ള നടിയാണ് സാനിയ ഇയ്യപ്പൻ. ഇത്തരത്തിലുള്ള സദാചാര കമന്റുകൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകാനും നടി ശ്രദ്ധിക്കാറുണ്ട്. അടുത്തിടെ നടി ബിക്കിനി വേഷച്ചിലുള്ള ചിത്രവും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ആ ചിത്രത്തിലെ തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയും താരം നൽകിയിരുന്നു.

വസ്ത്രധാരണം അവനവന്റെ സ്വാതന്ത്ര്യമാണ് എന്നതാണ് നടിയുടെ നിലപാട്. സിനിമകൾ കിട്ടാൻ വേണ്ടിയാണോ കുട്ടീ തുണി കുറയ്ക്കുന്നതെന്നായിരുന്നു ചിലരുടെ വിമർശനം. ഇത്തരത്തിലുള്ള വിമർശനങ്ങളോട് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോൾ. ‘ഞാൻ പണ്ടുതൊട്ടേ ഇങ്ങനെയാണ് ചേട്ടാ’ എന്നാണ് നടിയുടെ പ്രതികരണം.

തോൽവികളെയാണ് താൻ ഭയക്കുന്നതെന്നും സാനിയ പറയുന്നു. തോൽവികളെ നേരിടാൻ മടിയില്ല, എന്നിരുന്നാലും ഭയമാണ്. ഭാവിയെക്കുറിച്ച് പേടിയുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ക്വീൻ എന്ന ചിത്രത്തിന് ശേഷം സിനിമയൊന്നും വന്നിരുന്നില്ല. ആ സമയത്ത് നിരാശ തോന്നിയിരുന്നുവെന്നും സാനിയ കൂട്ടിച്ചേർത്തു.

ഡാൻസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആരാധകരുടെ കയ്യടി നേടുന്നത്. മമ്മൂട്ടി ചിത്രം ബാല്യ കാല സഖിയിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പിന്നീട് ക്യൂൻ എന്ന ചിത്രത്തിലൂടെ നായികയായി മാറുകയായിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ സാനിയയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിലും ഒരു പ്രധാന വേഷത്തിൽ സാനിയ എത്തിയിരുന്നു. നിരവധി സിനിമകളാണ് സാനിയയുടേതായി പുറത്തിറങ്ങാനുള്ളത്.