പൃഥ്വിക്കും മകള്‍ അല്ലിക്കും സഞ്ജു സാംസണിന്റെ വക സമ്മാനം

ക്രിക്കറ്റ് താരങ്ങളും സിനിമ താരങ്ങളും തമ്മിലുള്ള സൗഹൃദം ബോളിവുഡിലെ സ്ഥിരം കാഴ്ചകളില്‍ ഒന്നാണ്. ഇപ്പോള്‍ മലയാളത്തിലും അത്തരത്തില്‍ ഒരു സൗഹൃദത്തിന്റെ വാര്‍ത്തയാണ് പുറത്ത് എത്തിയിരിക്കുന്നത്. നടന്‍ പൃഥ്വിരാജും മകള്‍ക്കും ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഐപിഎല്ലിന് മുന്നോടിയായി ഒരു സമ്മാനം അയച്ചിരിക്കുകയാണ്. സഞ്ജു ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സിന്റെ ജേഴ്‌സിയും ഒരു സമ്മാന പൊതിയുമാണ് പൃഥ്വിരാജിനും മകള്‍ അല്ലിക്കും സമ്മാനിച്ചത്. പൃഥ്വിയെന്നും അല്ലിയെന്നും പേരെഴുതിയ ജേഴ്‌സിയുടെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് പൃഥ്വിരാജ് തന്നെയാണ് സമ്മാന വിവരം അറിയിച്ചത്.

‘ജേഴ്‌സിക്കും ഹാമ്പറിനും സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും നന്ദി. ഞാനും അല്ലിയും ആഹ്‌ളാദത്തിലാണ്. സഞ്ജു.. നീ ടീമിന്റെ ക്യപ്റ്റനായിരിക്കുന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷവും അഭിമാനവുമാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള നമ്മുടെ കൂടുതല്‍ വര്‍ത്തമാനങ്ങള്‍ക്കായി കാത്തിരിക്കുന്നു’ ജേഴ്‌സിയുടെ ചിത്രം പങ്കുവെച്ച് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.

ചിത്രത്തിന് നിരവധി പേര്‍ കമന്റുകളും നല്‍കിയിട്ടുണ്ട്. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടപ്പെട്ട ഐപിഎള്‍ ടീമിന്റെ പേരുകളും പങ്കുവെയ്ക്കുന്നുണ്ട്. ചിലര്‍ ചോദിക്കുന്നത് പൃഥ്വിരാജ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫാന്‍ അല്ലെ എന്നാണ്. 2012ല്‍ ഐപിഎല്ലില്‍ എത്തിയ സഞ്ജു 2013 മുതല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുന്നുണ്ട്. ഇടക്ക് രാജസ്ഥാന്‍ റോയല്‍സ് വിലക്ക് നേരിട്ടപ്പോള്‍ ഡല്‍ഹിയിലേക്ക് പോയെങ്കിലും രാജസ്ഥാന്‍ മടങ്ങി വന്നപ്പോള്‍ വീണ്ടും സഞ്ജുവിനെ കൂടെ കൂട്ടി.