ഇതാണ് എന്റെ വിദ്യാഭ്യാസം, തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശാന്തി കൃഷ്ണ. ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര’ എന്ന സിനിമയിലൂടെ പതിനേഴാം വയസ്സിലാണ് താരം അഭിനയം ആരംഭിക്കുന്നത്. ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തിയ നടിയുടെ കൈ നിറയെ ചിത്രങ്ങളാണ്. നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ രണ്ടാം വരവ്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് നടി.1981ല്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ ചെറു പ്രായത്തില്‍ തന്നെ ശാന്തി കൃഷ്ണ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1984ല്‍ നടന്‍ ശ്രീനാഥുമായിട്ടായിരുന്നു നടിയുടെ ആദ്യ വിവാഹം. 1995ല്‍ ബന്ധം വേര്‍പെടുത്തി.തുടര്‍ന്ന് 1998ല്‍ സദാശിവന്‍ ബജോറിനെ വിവാഹം ചെയ്തു.ഈ ബന്ധം 2016ല്‍ അവസാനിച്ചു.

ഇപ്പോള്‍ തന്റെ വിദ്യാഭ്യാസത്തെ കുറിച്ച് തുറന്ന് പറയുകയാണ് ശാന്തി കൃഷ്ണ. വളരെ നേരത്തെ സിനിമയില്‍ എത്തിയെങ്കിലും തനിക്ക് തന്റെ വിദ്യാഭ്യാസം നഷ്ടപ്പെട്ടില്ലെന്ന് നടി പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസം വേണമെന്ന് ആഗ്രഹിച്ച താന്‍ ഗ്രാജുവേഷന്‍ പൂര്‍ത്തികരിച്ചെന്നും സിനിമയും നൃത്തവും തന്റെ പാഷനായത് കൊണ്ട് പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യണമെന്ന ആഗ്രഹം തോന്നിയിട്ടില്ലെന്നും ശാന്തി കൃഷ്ണ പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശാന്തി കൃഷ്ണ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ശാന്തി കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെ, ‘സിനിമ കൊണ്ട് എനിക്ക് എന്റെ വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടില്ല. കൗമാരകാലത്ത് തന്നെ സിനിമയില്‍ വന്നെങ്കിലും എനിക്ക് ഡിഗ്രി പഠനം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞു. അതിനും മുകളില്‍ പഠിക്കണമെന്ന് തോന്നിയില്ല. നൃത്തവും സിനിമയുമൊക്കെ തന്നെയായിരുന്നു എന്റെ മനസ്സില്‍. പക്ഷേ അടിസ്ഥാന വിദ്യാഭ്യാസം വേണമെന്നത് നിര്‍ബന്ധമായിരുന്നു. അത് കൊണ്ട് ഡിഗ്രി പൂര്‍ത്തികരിച്ചു. ഞാന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സാറിന്റെ ഉള്‍പ്പെടെയുള്ള സിനിമകള്‍ എനിക്ക് നടിയെന്ന നിലയില്‍ പ്രയോജനം ചെയ്തു. ഓഫ് ബീറ്റ് സിനിമകളും, വാണിജ്യപരമായ ചിത്രങ്ങളും എനിക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്’.