ഇന്ത്യയുടെ പുരോഗതി ചിലർക്കൊന്നും ഇഷ്ടപ്പെടുന്നില്ല, പ്രകാശ് രാജിനെതിരെ സന്തോഷ് പണ്ഡിറ്റ്

ഇന്ത്യയുടെ പുരോഗതി ചിലർക്കൊന്നും ഇഷ്ടപ്പെടുന്നില്ലെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച നടൻ പ്രകാശ് രാജിനെ ലക്ഷ്യം വച്ചായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തെയാണ് പ്രകാശ് രാജ് പരിഹസിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

“പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്” എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. മൂന്നാം ചന്ദ്രയാൻ ദൗത്യം ചന്ദ്രനിൽ മറ്റന്നാൾ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ഒരുങ്ങുമ്പോഴാണ് പ്രകാശ് രാജിൻറെ ട്വീറ്റ് .

രൂക്ഷവിമർശനമാണ് പല കോണുകളിൽ നിന്നും പ്രകാശ് രാജിന്‍റെ പ്രതികരണത്തിനെതിരെ ഉയരുന്നത്. ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യത്തിനെ പരിഹസിക്കുന്നത് രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒരു വിഭാഗം ആളുകൾ പ്രതികരിച്ചു. എന്നാൽ, ചന്ദ്രനിൽപ്പോയാലും അവിടെ ഒരു മലയാളിയുണ്ടാകുമെന്ന കാർട്ടൂണിന്‍റെ ഒരു ഭാഗം പങ്കുവച്ചതിന് പ്രകാശ് രാജിനെ വിമർശിക്കേണ്ടതില്ലെന്ന് പ്രതികരിച്ചവരുമുണ്ട്.

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ നാളെ ചന്ദ്രനിൽ ഇറങ്ങും. ചന്ദ്രോപരിതലം തൊടാനുള്ള മുന്നൊരുക്കങ്ങൾ കൃത്യമായി പുരോഗമിക്കുകയാണ്. ലാൻഡറിലെ ഓരോ ഉപകരണത്തിന്റെയും പ്രവർത്തനം ഇസ്രൊ വിലയിരുത്തി. മറ്റൊരു രാജ്യത്തിനും ഇറങ്ങാൻ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ഇന്ത്യൻ ദൗത്യത്തിന്റെ ലക്ഷ്യം ആഗസ്റ്റ് 23ന് വൈകിട്ട് 5.45 നാണ് ലാൻഡിങ്ങ് പ്രക്രിയക്ക് തുടങ്ങുക. ആറേ നാലോടെ പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുമെന്നാണ് ഇസ്രൊ അറിയിപ്പ്.