നിത്യയോടുള്ള പ്രണയം സീരിയസായിരുന്നു, ഇനിയെനിക്കൊരു വിവാഹം നടക്കാൻ ബുദ്ധിമുട്ടാണ്- സന്തോഷ് വർക്കി

മോഹൻ ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം പുറത്തെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ ചർച്ചയായ പേര് സന്തോഷ് വർക്കിയുടേതായിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനായ സന്തോഷിന്റെ ആറാടുകയാണ് എന്ന വാക്ക് വൻ ഹിറ്റാവുകയും ചെയ്തു. പിന്നാലെ നിത്യാ മേനോനടക്കമുള്ള നടികളോടുള്ള തന്റെ ഇഷ്ടം തുറന്നു പറയുകയും ചെയ്തു.

ഇപ്പോഴിതാ നിത്യ മേനോനോടുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞതിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ പറ്റി പറയുകയാണ് സന്തോഷ്. ഇനിയൊരു കല്യാണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് താനുള്ളതെന്നും സന്തോഷ് വ്യക്തമാക്കി. എന്റെ പ്രണയങ്ങളെല്ലാം വൺസൈഡ് ആയിരുന്നു.

നിത്യ മേനോനോടാണ് സീരിയസായിട്ടുള്ള പ്രണയം തോന്നിയത്. മറ്റേതെല്ലാം മീഡിയകളിൽ ഉണ്ടാക്കി വന്നതാണ്. അഞ്ചോ ആറോ വർഷം ഞാനവരുടെ പുറകേ നടന്നെങ്കിലും അവസാനമാണ് പറഞ്ഞത്. അതൊരു അടഞ്ഞ് അധ്യായം പോലെ ആയതായിരുന്നു. പക്ഷേ മീഡിയയാണ് വീണ്ടും കുത്തിപ്പൊക്കി കൊണ്ട് വന്നത്. നടി ഇതിനെ പറ്റി സംസാരിക്കുക കൂടി ചെയ്തപ്പോൾ അവർക്ക് താൽപര്യമില്ലെന്ന് മനസിലായി. ഇതോടെ ഞാനും വിട്ടു.

നിത്യയുടെ വ്യക്തിത്വമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. എന്നാൽ പ്രസ് കോൺഫറൻസിൽ എന്നെ പറ്റി സംസാരിച്ചപ്പോഴാണ് ഞാൻ ഉദ്ദേശിച്ചതല്ല ആളെന്ന് മനസിലായത്. അതോടെ മനസിൽ നിന്നും ഇഷ്ടം പോയി. അഭിമുഖങ്ങളിൽ കണ്ടിട്ടാണ് നിത്യയോട് ഇഷ്ടം തോന്നിയത്. നിത്യ ജെനുവിനാണെന്ന് തോന്നി. പക്ഷേ എന്റെ കണക്കുക്കൂട്ടൽ തെറ്റിപ്പോയി. ശരിക്കും എല്ലാവരും ഇന്റർവ്യൂവിൽ അഭിനയിക്കുകയാണ്. പിന്നെ എന്നെ പറ്റി പുള്ളിക്കാരിയ്ക്ക് നേരിട്ട് അറിയുന്ന കാര്യങ്ങളല്ല പറഞ്ഞത്. ചുറ്റുമുള്ളവർ പറഞ്ഞതാണ് അവർ സംസാരിച്ചത്. അവർ പറഞ്ഞത് സത്യമല്ല, എന്ന് കരുതി നിത്യ കള്ളം പറഞ്ഞതാണെന്ന് ഞാൻ പറയുന്നില്ല. നടിയുടെ ചുറ്റുമുള്ളവർ പറഞ്ഞതാണ്, ശരിയായ ഇൻഫർമേഷൻ പുള്ളിയ്ക്കാരിയ്ക്ക് കിട്ടിയിട്ടില്ല. നേരിട്ട് മൂന്ന് തവണയെ സംസാരിച്ചിട്ടുള്ളു. ലൊക്കേഷനിൽ പോയി കണ്ടിരുന്നു.

ഫോണിൽ വിളിച്ചാൽ എടുക്കാറില്ല. എല്ലാ നമ്പറും ബ്ലോക്ക് ചെയ്യും. പക്ഷേ എന്റെ ഭാഗത്ത് നിന്നുള്ള പെരുമാറ്റം കുറച്ച് കൂടി പോയി. അതിന് ഞാൻ സോറി പറയുകയാണ്. ഞാൻ വളരെ ആത്മാർഥമായിട്ടാണ് നിത്യയെ സ്‌നേഹിച്ചത്. കുറേ വർഷങ്ങൾക്ക് ശേഷമാണ് അവരുടെ മറുപടി കിട്ടിയത്. അതിന് ശേഷം ഞാനത് നിർത്തിയതാണ്. എന്റെ പിതാവ് മരിച്ചതോടെ ഞാൻ എല്ലാം നിർത്തി. പിന്നെ ഒരു മീഡിയയാണ് ഇത് വീണ്ടും കൊണ്ട് വരുന്നത്. അതിന് ശേഷം എന്റെ ഇമേജ് മോശമായി. ഇനിയെനിക്കൊരു വിവാഹം നടക്കാൻ പോലും ബുദ്ധിമുട്ടാണ്. കേസ് കൊടുക്കണമെന്ന് പോലും ചിന്തിച്ചിരുന്നു. പിന്നെ എന്റെ ഭാഗത്ത് നിന്നും ഇച്ചിരി കൂടി പോയി. കാരണം പ്രണയമെന്ന് പറയുന്നത് അന്ധമാണ്. അതാണ് തനിക്ക് സംഭവിച്ചതെന്നും സന്തോഷ് പറയുന്നു.