നന്ദുവിന് കൂട്ടായി ശരണ്യ ചേച്ചി അവന്റെ അടുത്തേക്ക് പോയി, നൊമ്പരമായി ആ ചിത്രം

അര്‍ബുദത്തിനെതിരെ പോരാടുന്നവര്‍ക്ക് എന്നും പ്രചോദനമാണ് നന്ദു മഹാദേവയുടെ ജീവിതം. ക്യാന്‍സര്‍ ശരീരത്തിന്റെ ഓരോ ഭാഗവും പിടികൂടുമ്പോള്‍ പുഞ്ചിരിയോടെയാണ് നന്ദു അതിനെ നേരിട്ടത്. അതു പോലെ തന്നെയായിരുന്നു നടി ശരണ്യയുടെ ജീവിതവും. ഒരോ തവണയും ക്യാന്‍സറിനോട് പൊരുതി ജയിക്കുമ്പോള്‍ കൂടുതല്‍ വീറും വാശിയുമായി ജീവിതത്തെ നേരിട്ടവര്‍. ശരണ്യയുടെ വിയോഗ വാര്‍ത്ത പുറത്ത് എത്തിയതിന് പിന്നാലെ നടിയും നന്ദുവും ഒരുമിച്ച് ഇരിക്കുന്ന ഒരു ചിത്രമാണ് സോഷ്യല്‍ ലോകത്ത് സങ്കടമാകുന്നത്.

‘ഒരു ജീവിതം അതു എങ്ങനെ ഒക്കെ പൊരുതി നില്‍ക്കാന്‍ പറ്റും എന്ന് കാണിച്ചു തന്ന രണ്ടു നക്ഷത്രങ്ങള്‍ സ്വന്തം മുറിവുകള്‍ ഇണ്ടായിട്ടും മറ്റുള്ളവരുടെ മനസിന്റെ മുറിവിലേക്കു മരുന്നായി മറ്റുള്ളവര്‍ക്ക് പ്രചോദനം ധൈര്യവും സ്വാന്തനം പകര്‍ന്നു നല്‍കാന്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും പറ്റി ഈ രണ്ടു നക്ഷത്രങ്ങള് ഹൃദയത്തില്‍ നിന്ന് മാഞ്ഞു പോവുന്നില്ല,,, പ്രണാമം’. എന്നാണ് ഒരാള്‍ കുറിച്ചത്.

35 വയസായിരുന്നു ശരണ്യയ്ക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദം ബാധിച്ച് 11 തവണ നടിയെ സര്‍ജറിക്ക് വിധേയമാക്കി. തുടര്‍ ചികിത്സയ്ക്ക് ഒരുങ്ങുന്നതിനിടെ ശരണ്യയ്ക്കും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമായി. മെയ് 23ന് കോവിഡ് ബാധിച്ച് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി മോശമായതോടെ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. ജൂണ്‍ 10ന് കോവിഡ് നെഗറ്റീവ് ആയതോടെ മുറിയിലേക്ക് മാറ്റി. എന്നാല്‍ അന്ന് രാത്രി തന്നെ പനി കൂടി വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. പിന്നീട് ആരോഗ്യ സ്ഥിതി വഷളായി. ഇന്നലെ മരണത്തിന് കീഴടങ്ങി.

ക്യാന്‍സറിനോട് പടവെട്ടി ജീവിച്ച യുവാവാണ് നന്ദു. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് നന്ദു മരണത്തിന് കീഴടങ്ങിയത്. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത് നന്ദുവും ശരണ്യയും ഒരുമിച്ചിരിക്കുന്ന ചിത്രമാണ്. ഇരുവരുടെയും ചിത്രം നൊമ്പരപ്പെടുത്തുന്നുവെന്നും മനസ് തളര്‍ന്നു പോവുന്ന ചിത്രമെന്നും ഇപ്പോള്‍ അവര്‍ ഒരുമിച്ചായെന്നും സോഷ്യല്‍ മീഡിയ കുറിക്കുന്നു. ‘പോരാട്ടം മതിയാക്കി രണ്ടുപേരും യാത്രയായി എന്നും ജീവിതത്തെ ഒരുപാട് സ്‌നേഹിച്ച രണ്ട് പേരാണ് നന്ദു മഹാദേവയും ശരണ്യ ശശിയും എന്നും സ്വര്‍ഗ്ഗത്തില്‍ നന്ദുവിനെ കൂട്ടായി ശരണ്യ ചേച്ചിയും പോയി, വേദനകളില്ലാത്ത ലോകത്തേക്ക്’ എന്നും ഒരാള്‍ കുറിച്ചു.