കല്യാണം കഴിഞ്ഞ് വീട്ടിൽ നിന്നു പോകുമ്പോൾ കരച്ചിൽ വന്നില്ല- ശരണ്യ മോഹൻ

ഒരു കാലത്ത് മലയാളത്തിലും തമിഴിലും സാന്നിധ്യമറിയിച്ച യുവനായികയാണ് ശരണ്യാ മോഹൻ. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വിവാഹത്തോടെ അഭിനയം നിർത്തിയ താരം വിശേഷങ്ങശളുമായി സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്.മക്കൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം മാറ്റിവെക്കാൻ തീരുമാനിച്ചതോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു.

അമൃത ടിവിയിലെ റെഡ് കാർപറ്റിൽ അതിഥിയായി എത്തിയപ്പോഴാണ് വിവാഹ വിശേഷങ്ങളും പ്രണയത്തെ കുറിച്ചും ശരണ്യയും അരവിന്ദും മനസ് തുറന്നത്. നാട്ട് നടപ്പ് അനുസരിച്ച് താലികെട്ടി ഭർത്താവിനൊപ്പം പോകുമ്പോൾ പെൺകുട്ടികൾ അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും എല്ലാം കെട്ടിപ്പിടിച്ച് കരയുന്നതും ഒരു ആചാരം പോലെ തന്നെയാണ്.

എന്നാൽ തന്റെ കല്യാണത്തിന് ആ ഒരു കരച്ചിൽ താൻ മറന്ന് പോയതെന്നും ശരണ്യ മോഹൻ പറയുന്നു. ഷോയിൽ സ്വാസിക വിവാഹത്തിന്റെ വീഡിയോ കാണിച്ച് താരദമ്പതികളോട് ഓർമ്മ പങ്കുവെയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ശരണ്യയും അരവിന്ദും വിവാഹത്തിനിടയിൽ നടന്ന രസകരമായ സംഭവങ്ങൾ പങ്കുവെച്ചത്. വീഡിയോയിൽ അനിയത്തിയും അച്ഛനും ഒക്കെ കരയുമ്പോൾ ശരണ്യ വളരെ സന്തോഷത്തോടെ റ്റാറ്റ പറഞ്ഞ് പോകുകയായിരുന്നു. അതെന്താ കരയാതിരുന്നത് എന്ന് ചോദിച്ചപ്പോൾ. സത്യത്തിൽ കാറിൽ കയറിയപ്പോഴാണ് കരഞ്ഞില്ലല്ലോ എന്ന് ഓർത്തത് എന്നായിരുന്നു ശരണ്യയുടെ പ്രതികരണം.