സീമയെ ആരൊക്കെ കുറ്റപ്പെടുത്തിയാലും ഒറ്റപ്പെടുത്തിയാലും ഞങ്ങള്‍ എന്നും ഒപ്പമുണ്ടാകും, ശരണ്യയുടെ അമ്മ പറയുന്നു

നടി ശരണ്യ ശശി അടുത്തിടെയാണ് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്. വര്‍ഷങ്ങളായി അര്‍ബുദത്തോട് പോരാടി ഒടുവില്‍ ജീവിതത്തിലേക്ക് തിരികെ എത്തും എന്ന പ്രതീക്ഷ നല്‍കിയ ശേഷം പെട്ടെന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു താരം. കാന്‍സര്‍ ബാധിച്ച് 11 തവണയാണ് നടി സര്‍ജറിക്ക് വിധേയായത്. പുതു ജീവിതത്തിലേക്ക് തിരികെ എത്താന്‍ ഒരുങ്ങുന്നതിനിടെ ശരണ്യയ്ക്ക് കോവിഡ് ബാധിക്കുകയായിരുന്നു. ഇതോടെ ആരോഗ്യ സ്ഥിതി മോശമായി.

ശരണ്യയ്ക്ക് ഒപ്പം എപ്പോഴും താങ്ങായും തണലായും വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തത് എപ്പോഴും നടി സീമ ജി നായര്‍ ആയിരുന്നു. എപ്പോഴും തന്റെ ഒപ്പം നിന്ന സീമ ജി നായരോട് ശരണ്യയ്ക്ക് വലിയ ഇഷ്ടമായിരുന്നു. താരത്തിന്റെ പെട്ടെന്നുള്ള വേര്‍പാട് സീമ ജി നായരേയും തളര്‍ത്തിയിരുന്നു. സീമയോടുള്ള സ്‌നേഹമെന്നോണം ശരണ്യ വീടിന് നല്‍കിയ പേര് സ്‌നേഹ സീമ എന്നായിരുന്നു. എന്നാല്‍ ദുരിത കാലത്ത് ശരണ്യയ്ക്ക് ഒപ്പം നിന്നതിന് പല അപവാദ പ്രചരണങ്ങള്‍ക്കും സീമ ജി നായര്‍ ഇരയായി.

ഇപ്പോള്‍ മദര്‍ തെരേസ പുരസ്‌കാരം സ്വീകരിച്ചതിന്റെ സന്തോഷം ശരണ്യയുടെ കുടുംബത്തിനൊപ്പം ചിലവഴിച്ചതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സീമ ജി നായര്‍. ശരണ്യയുടെ നാല്‍പത്തിയൊന്ന് ചടങ്ങിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സീമയെ ആരൊക്കെ കുറ്റപ്പെടുത്തിയാലും ഒറ്റപ്പെടുത്തിയാലും ഞങ്ങള്‍ എന്നും ഒപ്പമുണ്ടാകുമെന്ന് ശരണ്യയുടെ അമ്മ ഗീത പറയുന്നു. എന്റെ മകളുടെ പ്രാര്‍ഥനകള്‍ എന്നും സീമയ്‌ക്കൊപ്പമുണ്ടാകുമെന്നും ഗീത പറഞ്ഞു.

ഇപ്പോഴും ശരണ്യയുടെ വേര്‍പാട് ഉള്‍ക്കൊള്ളാനായിട്ടില്ല ആ അമ്മയ്ക്ക്. ഒരോ നിമിഷവും മകളെ ഓര്‍ത്ത് കരയുകയാണ്. അല്‍പ്പം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് എങ്കിലും മകളുടെ ഫോട്ടോ നോക്കി സംസാരിക്കുന്ന അമ്മ ഗീതയുടെ ദൃശ്യങ്ങള്‍ ആരുടേയും കണ്ണ് നയിക്കും. പുരസ്‌കാരം സ്വീകരിച്ച ശേഷം ശരണ്യയുടെ സ്‌നേഹ സീമ എന്ന വീട്ടിലേക്കാണ് സീമ ഓടിയെത്തിയത്. അമ്മ ഗീതയുടെ കൈകളിലേക്ക് അവാര്‍ഡുകള്‍ നല്‍കി പ്രാര്‍ഥനകളും സീമ സ്വീകരിച്ചു.

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യയ്ക്ക് 2008ലാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. ഷൂട്ടിങ് ലൊക്കേഷനില്‍ കുഴഞ്ഞുവീണ ശരണ്യയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ആരോഗ്യസ്ഥിതി പലതവണ മോശമായിട്ടും മനക്കരുത്തുകൊണ്ട് അതിനെ നേരിട്ട് ജീവിത്തതിലേക്ക് തിരികെയത്തിയതായിരുന്നു ശരണ്യ. എന്നാല്‍ ഒടുവില്‍ അവള്‍ വേദനകളില്ലാത്ത ലോകത്തേക്ക് പോവുകയായിരുന്നു.