പട്ടി കുരച്ചാല്‍ നമ്മള്‍ മറുപടി പറയുമോ, രജനി ചാണ്ടി വിഷയത്തില്‍ സരിതാ റാമിന്റെ പ്രതികരണം

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായ സംഭവങ്ങളില്‍ ഒന്നാണ് രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. പലരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയപ്പോള്‍ വിമര്‍ശനവും പരിഹാസവുമായി എത്തിയവര്‍ ചുരുക്കമല്ല. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക സരിതാ റാം. സ്ത്രീകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കുവാനും ഇഷ്ടമുള്ളത് ധരിക്കുവാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുവാനും സ്വതന്ത്രമുണ്ടെന്ന് സരിത പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

സരിതാ റാമിന്റെ വാക്കുകള്‍ ഇങ്ങനെ, കേരള സമൂഹത്തിന്റെ പൊതു സ്വഭാവം വെച്ച്, സ്ത്രീകള്‍ക്ക് അവര്‍ ചില അതിര്‍വരമ്പുകള്‍ കല്‍പിച്ചിട്ടുണ്ട്. മറ്റൊരാളുടെ വികാരങ്ങളിലും വിചാരങ്ങളിലും ജീവിക്കേണ്ട ഒരു വിഭാഗമല്ല സ്ത്രീകള്‍. അവര്‍ക്കിഷ്ടമുള്ളത് ധരിക്കുവാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുവാനും അവര്‍ക്ക് അവകാശമുണ്ട്. വിവാഹ ശേഷം അഭിനയിക്കരുത് പാടരുത് എന്നൊക്കെ പറയുന്ന ഒരു കൂട്ടം ആള്‍ക്കാരൊക്കെ മണ്‍മറഞ്ഞ് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്ത്രീ സ്ത്രീയായി ഇരിക്കുമ്പോള്‍ തന്നെയാണ് ഭംഗി. എന്നാല്‍ അതിനര്‍ത്ഥം മക്കളെ നോക്കുന്നത് ഒരു കുറച്ചില്‍ ആണെന്നോ അടിമയാണെന്നോ അല്ല. മറിച്ച് അത് തന്നെയാണ് സ്ത്രീകളുടെ ശക്തിയും അതാണ് ഫെമിനിസവും. പുരുഷനെ പോലെ വസ്ത്രം ധരിച്ചതുകൊണ്ടോ പുരുഷന്‍ അങ്ങനെ ചെയ്യുന്നത് കൊണ്ട് ഞങ്ങളും അങ്ങനെ ചെയ്യുന്നു എന്ന് പറയുന്നതോ അല്ല കാര്യം.

പണ്ടൊക്കെ സ്ത്രീകളെ വീട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുകയായിരുന്നു. എന്തായാലും അതിനിപ്പോള്‍ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്. അത് മനസ്സിലാക്കി പുരുഷകേസരികള്‍ സ്ത്രീകളെ സഹായിക്കുകയാണ് വേണ്ടത്. ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന രീതിയില്‍ മുന്നോട്ട് പോകുന്നതാണ് എപ്പോഴും നല്ല. പലയിടങ്ങളിലും തനിക്ക് അത് ഗുണം ചെയ്തു. പ്രതികരിക്കാന്‍ മുതിരുമ്പോഴാണ് പ്രശ്‌നം രൂക്ഷമാകുന്നത്. ‘പട്ടി കുരച്ചാല്‍ നമ്മള്‍ മറുപടി പറയുമോ’ എന്ന പഴഞ്ചൊല്ലു പോലെ ഇത്തരം വിഷയങ്ങളെ മാറ്റി നിര്‍ത്തുന്നതാണ് നല്ലത്.