കള്ളക്കടത്ത് സ്വര്‍ണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്, നുസ്രത്തിനെതിരെ പുറത്തുവരുന്നത് നിരവധി തട്ടിപ്പ് കഥകള്‍

മലപ്പുറം. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യയ്‌ക്കെതിരെ പുറത്ത് വരുന്നത് കൂടുതല്‍ തട്ടിപ്പ് കേസുകള്‍. ഡിവൈഎസ്പിയുടെ ഭാര്യയായ നുസ്രത്ത് തൃശൂര്‍ ചേര്‍പ്പില്‍ നിന്നുമാണ് പോലീസ് പിടിയിലായത്. കേസില്‍ നുസ്രത്തിനെ കോടതി റിമാന്‍ഡ് ചെയ്തു. കേരളത്തിലെ മുന്‍നിര സിനിമ നിര്‍മാതാവിന്റെ ഒരു കിലോ സ്വര്‍ണം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചും നസ്രത്ത് തട്ടിപ്പ് നടത്തി.

കോഴിക്കോടുള്ള സ്വര്‍ണവ്യാപാരി വഴി പവന് 13000 രൂപയ്ക്ക് സ്വര്‍ണം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് നിലമ്പൂര്‍ സ്വദേശിയില്‍ നിന്നും 2017ല്‍ നുസ്രത്ത് ലക്ഷങ്ങള്‍ തട്ടിയിരുന്നു. പണം തിരികെ ചോദിച്ചതോടെ ഉന്നത സ്വാധീനവും പുതിയ വാഗ്ദാനങ്ങളും നല്‍കി നുസ്രത്ത് തടിതപ്പുകയായിരുന്നു. ജിഎസ്ടി വിഷയത്തില്‍ പ്രാഗത്ഭ്യമുള്ള ബെംഗളൂരില്‍ നിന്നുള്ള അഭിഭാഷക എന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

പണം നഷ്ടപ്പെട്ടവര്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ 10-ാം ക്ലാസ് യോഗ്യതമാത്രമാണ് നുസ്രത്തിനുള്ളതെന്ന് തെളിഞ്ഞു. പ്രതി റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടിയിരുന്നു. നിലവില്‍ തൃശൂര്‍ കോര്‍പ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പിയായ ഭര്‍ത്താവ് കെഎ സുരേഷ്ബാബുവിനെ മറയാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.