പ്രവീൺ നെട്ടാരു വധക്കേസ് പ്രതിയെ മത്സരിപ്പിക്കാൻ എസ്‍ഡിപിഐ നീക്കം

ബംഗളൂരു. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയെ നിയമസഭ തിരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കാൻ എസ്ഡിപിഐ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വധക്കേസിലെ പ്രതിയായ ഷാഫി ബെള്ളാരെയെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്ന് മത്സരിപ്പിക്കാനാണ് എസ്ഡിപിഐയുടെ നീക്കം.

പുത്തൂരിൽ നിന്നുള്ള സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഇയാളുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ ഇയാൾ എൻഐഎ കസ്റ്റഡിയിലാണ്. കർണാടക നിയമസഭ തിരഞ്ഞെടുപ്പിലാകും ഇയാളെ മത്സരിപ്പിക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഭീകരരാണ് സുള്ള്യയിൽ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിനെ പട്ടാപ്പകൽ വെട്ടിക്കൊല്ലുന്നത്.

കഴിഞ്ഞ വർഷം ജൂലൈയിലാണ് അരും കൊല നടന്നത്. നാല് പേരെ ലക്ഷ്യമിട്ടതിൽ നിന്ന് പ്രവീൺ നെട്ടാരുവിനെ ഇവർ തിരഞ്ഞെടുക്കുകയായിരുന്നു. കടയിൽ നിന്ന് മടങ്ങും വഴിയാണ് സംഘം ചേർന്ന് പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയത്.