മന്ത്രിസഭാ പുനസംഘടന ഉടന്‍; കെകെ ശൈലജയ്ക്ക് സാധ്യത

തിരുവനന്തപുരം. കോടിയേരി ബാലകൃഷ്ണന് പകരം എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ സര്‍ക്കാരിലും അഴിച്ചുപണിക്ക് സിപിഎം ഒരുങ്ങുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയതോടെ എംവി ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഒഴിയും. എംവി ഗോവിന്ദന് പകരം പുതിയ വ്യക്തിയെ മന്ത്രിസ്ഥാനത്തെക്ക് എത്തിച്ചാല്‍ മതിയോ അതോ സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ മന്ത്രിസഭയില്‍ പുനസംഘടന വേണമോ എന്ന കാര്യത്തില്‍ സിപിഎം ചര്‍ച്ച നടത്തും.

മന്ത്രിസഭായുടെ പുനസംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്നും വരും ചര്‍ച്ചകളില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നു സംസ്ഥാന സെക്രട്ടറി ആയതിന് പിന്നാലെ എംവി ഗോവിന്ദന്‍ പ്രതികരിച്ചു. വിഷയത്തില്‍ കാത്തിരിക്കുവെന്നാണ് ഇപി ജയരാജന്റെ പ്രതികരണം. അതേസമയം മന്ത്രി സഭയില്‍ രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്. വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ രാജിവെച്ച സജി ചെറിയാന്റെയും എംവി ഗോവിന്ദന്റെയും. സജി ചെറിയാന്റെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കിയിരിക്കുകയാണ്. മന്ത്രിസഭയുടെ പുനസംഘടനയില്‍ ഈ വകുപ്പുകളിലെ വിടവ് നികത്തുവനായിരുന്നു പാര്‍ട്ടി തീരുമാനം.

അതേസമയം രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസഭയില്‍ അഴിച്ചുപണി വരുമ്പോള്‍ പുതുമുഖങ്ങളെ വീണ്ടും മന്ത്രിസഭയിലേക്ക് എത്തിക്കുമോ അതോ ഒന്നാം പിണറായി മന്ത്രിസഭയില്‍ മികച്ച പ്രകടനം നടത്തിയവരെ വീണ്ടും മന്ത്രിസഭയിലേക്ക് എത്തിക്കുമോ എന്നതാണ് കേരളം കാത്തിരിക്കുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിനെ വെച്ചുമാത്രമായിരിക്കും ജനങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതെന്നും. അത് അനുസരിച്ച് സര്‍ക്കാര്‍ ഏറെ പിന്നിലാണെന്ന് ഈ മാസം ആദ്യം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉണ്ടായിരുന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനം കൂടുതല്‍ സജ്ജീവമാക്കണമെന്നും സമിതിയില്‍ വിമര്‍ശനം ഉണ്ടായിരുന്നു.

തുടര്‍ഭരണം ലഭിച്ചപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാരിലെ ആരും തുടരേണ്ടന്നായിരുന്നു തീരുമാനം. എന്നാല്‍ മന്ത്രിസഭയുടെ പ്രതിച്ഛായ മങ്ങുന്ന സാഹചര്യത്തില്‍ കെകെ ശൈലജയെ വീണ്ടും മന്ത്രിയാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകലുണ്ട്. അങ്ങനെ കെകെ ശൈലജ വീണ്ടും മന്ത്രിയായാല്‍ ആരോഗ്യ വകുപ്പ് തന്നെ ലഭിച്ചേക്കും. എന്നാല്‍ കെകെ ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കുകയാണെങ്കില്‍ എസി മൊയ്തീനെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേതാകും അവസാന തീരുമാനം.

നിലവിലെ മന്ത്രിസഭയില്‍ നിന്നും ആരേയും ഒഴിവാക്കാതെ വകുപ്പുകള്‍ മാറ്റുവനാണ് തീരുമാനം എങ്കില്‍ മന്ത്രി വീണാ ജോര്‍ജിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗമിക്കും. പകരം എംബി രാജേഷ് മന്ത്രിയാകും. ഒഴിവുള്ള സ്ഥാനത്തേക്ക് മുമ്പ് തീരുമാനിച്ചത് പോലെ പുതുമുഖങ്ങള്‍ എത്തട്ടെ എന്ന് തീരുമാനിച്ചാല്‍ സിഎച്ച് കഞ്ഞമ്പു, പി നന്ദകുമാര്‍, പിപി ചിത്തരഞ്ജന്‍, എഎന്‍ ഷംസീര്‍ എന്നിവരില്‍ ആര്‍ക്കെങ്കിലുമാണ് സാധ്യത.