പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു. വലിയ സുരക്ഷയിലാണ് ബാലഗോപാൽ നിയമസഭയിലേക്കെത്തിയത്. സംസ്ഥാന ബജറ്റിനെതിരായ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. ഇന്നലെ പല ജില്ലകളിലും പ്രതിഷേധസമരങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചത്. നികുതി വർധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം എൽ എമാർ നിയമസഭയിലേക്ക് കാൽനടയായിട്ടാണ് എത്തിയത്. അഹങ്കാരം പിടിച്ച സർക്കാരാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. സമരത്തോട് സർക്കാരിന് പുച്ഛമാണ്. തുടർഭരണം ലഭിച്ചതിന്റെ അഹങ്കാരമാണ് പിണറായി വിജയനെന്നും വി ഡി സതീശൻ പറഞ്ഞു.

ജനങ്ങൾ പ്രയാസപ്പെടുമ്പോഴാണ് 4,000 കോടിയുടെ നികുതി പിരിക്കുവാൻ സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷം സമരം ചെയ്യുന്നത് കൊണ്ട് നികുതി കുറയ്ക്കില്ലെന്ന് മന്ത്രി പറയുന്നു. പ്രതിപക്ഷം ഉത്തരവാദിത്തമാണ് നിറവേറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സഭയ്ക്ക് മുന്നിൽ നാല് പ്രതിപക്ഷ എം എൽ എമാർ നടത്തുന്ന സത്യഗ്രഹം തുടരുകയാണ്. സഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതോടെ ശക്തമായ പ്രതിഷേധ പരിപാടികൾ ജില്ലാ തലത്തിൽ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.