ശബരിമലയിൽ മുതിര്‍ന്നവര്‍ക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തി

പത്തനംതിട്ട . ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന വയോധികര്‍ക്കും കുട്ടികൾക്കും ഞായറാഴ്ച മുതൽ പ്രത്യേക ക്യൂ. നടപ്പന്തൽ മുതലായിരിക്കും ഈ സൗകര്യം ലഭ്യമാകുക. സന്നിധാനത്ത് കുട്ടികള്‍ക്ക് ഇരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും സ്പെഷല്‍ ഓഫിസര്‍ പറഞ്ഞു. ദര്‍ശനത്തിന് എത്തുന്ന കുട്ടികൾക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് 90,000ൽ കൂടാൻ പാടില്ലെന്നും, പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം മിനുറ്റിൽ 60ൽ കുറയാൻ പാടില്ലനും കർമപദ്ധതി പറയുന്നു. എന്നാൽ തിങ്കളാഴ്ച 1,00,000ന് മുകളിൽ ആളുകളാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഇതോടെ വലിയ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത ഉള്ളത്.

ഞായറാഴ്ച അവധി ദിനമായിട്ടും ശബരിമല സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടില്ല. 76,103 പേരാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തെങ്കിലും തിരക്കില്ലാത്തതിനാൽ രാവിലെ എട്ട് മണിക്ക് ശേഷം നടപ്പന്തൽ മുതലുള്ള നിയന്ത്രണം ഒഴിവാക്കി. തിരക്കുള്ള സമയങ്ങളിൽ കുട്ടികളേയും വയോധികരേയും ഭിന്നശേഷിക്കാരേയും പതിനെട്ടാം പടിയിലേക്ക് കടത്തിവിടുന്നതടക്കം സന്നിധാനത്ത് പോലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ തുടരുന്നു. വെർച്ചൽ ക്യൂ വഴിയും അല്ലാതെയും ശനിയാഴ്ച 80,191 പേരാണ് ദർശനം നടത്തിയത്. ക്രിസ്മസ് അവധിയുൾപ്പെടെ വരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും തിരക്ക് വർദ്ധിക്കുമെന്നാണ് വിലയിരുത്തുന്നത്.