എന്നും എന്റേത്, ഭാവി ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കിട്ട് ഷംന കാസിം

വിവാഹിതയാകാൻ പോകുന്നുവെന്ന കാര്യം അടുത്തിടെയാണ് ഷംന കാസിം ആരാധകരെ അറിയിച്ചത്. ബിസിനസ് കൾസൾട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരൻ. മാലകെട്ടൽ ചടങ്ങിന്റെ ചിത്രങ്ങൾക്ക് പിന്നാലെ പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ഷംന കാസിം. ലവ് ഇമോജിക്കൊപ്പം എന്നും എന്റേത് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.

രണ്ടു മാസം മുമ്പായിരുന്നു ഷംനയുടെയും ജെ.ബി.എസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫലിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. അഭിനേത്രിയെന്ന നിലയിലും നർത്തക എന്ന നിലയിലും മലയാളികൾക്ക് പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരം. എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല.

കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം. മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.