അമ്മയാകാനൊരുങ്ങുന്നു, സന്തോഷ വാർത്ത പങ്കിട്ട് ഷംന കാസിം

അമ്മയാകാൻ ഒരുങ്ങുന്നെന്ന സന്തോഷവാർത്ത പങ്കിട്ട് നടി ഷംന കാസിം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ ഈ വാർത്ത അറിയിച്ചത്. വലിയ ആഘോഷത്തോടെയാണ് ഈ വാർത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്. കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്.

ഇത് ഏറെ സ്‌പെഷലായ വീഡിയോയാണെന്ന് പറഞ്ഞായിരുന്നു ഷംന സംസാരിച്ച് തുടങ്ങിയത്. കല്യാണത്തിന് ആശംസ അറിയിച്ചവരോടെല്ലാം നന്ദി പറയുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി. ഞാനൊരു അമ്മയാവാൻ പോവുകയാണ്. എന്റെ മമ്മി വീണ്ടും ഗ്രാൻഡ്മയാവാൻ പോവുന്നു. എന്റെ ഡാഡി വീണ്ടും ഗ്രാൻഡ്പയാവാൻ പോവുന്നു. ഡാഡിക്കും മമ്മിക്കുമൊപ്പമിരുന്നാണ് ഷംന സംസാരിച്ചത്. യൂട്യൂബ് ചാനലിലൂടെയായി ഈ സന്തോഷം പങ്കിടണമെന്ന് വലിയൊരു ആഗ്രഹമായിരുന്നു.

ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നും ഷംന കുടുംബാംഗങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു. മം റ്റു ബി എന്നെഴുതിയ കേക്കും ഷംന മുറിച്ചിരുന്നു. കുടുംബാംഗങ്ങളെല്ലാം ഷംനയ്ക്ക് കേക്ക് കൊടുത്തിരുന്നു. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി ഷംനയ്ക്ക് ആശംസകൾ അറിയിച്ചെത്തിയത്.

അഭിനേത്രിയെന്ന നിലയിലും നർത്തക എന്ന നിലയിലും മലയാളികൾക്ക് പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരം. എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല. അടുത്തിടെയാണ് താരം വിവാഹിതയായത്. ദുബായിൽവെച്ച് ആഘോഷപൂർവ്വമായാണ് വിവാഹം നടന്നത്.