നിലവിലെ രാഷ്ട്രീയ സാഹചര്യം തനിക്ക് പുതിയതല്ല, പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്ന് ശരദ് പവാര്‍

മുംബൈ. മഹാരാഷ്ട്രയില്‍ പിളര്‍പ്പിന് ശേഷവും ശരദ് പവാറും അജിത് പവാറും തമ്മില്‍ പോര് മുറുകുന്നു. 82 കാരനായ ശരദ് പവാറിന് വിരമിക്കുവാന്‍ സമയമായി എന്നും ഭരണം തനിക്ക് നല്‍കണമെന്ന അജിത് പവാറിന്റെ പരാമര്‍ത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ശരദ് പവാര്‍. താന്‍ തളര്‍ന്നിട്ടില്ല വിരമിച്ചിട്ടുമില്ലെന്നായിരുന്നു ശരദ് പവാറിന്റെ മറുപടി.

തനിക്ക് വയസ്സ് 82 അല്ലെങ്കില്‍ 92 ആകട്ടെ ആ പ്രായത്തിലും നന്നായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. തന്നോട് വിരമിക്കുവാന്‍ ആവശ്യപ്പെടാന്‍ അവര്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു. തന്നെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരുടെ അഭ്യര്‍ഥന പ്രകാരം താന്‍ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

മൊറാര്‍ജി ദേശായി എത്രാമത്തെ വയസ്സിലാണ് പ്രധാനമന്ത്രിയായത്. തനിക്ക് പ്രധാനമന്ത്രിയോ മന്ത്രിയോ ആകേണ്ട, ജനങ്ങളെ സേവിക്കുക മാത്രമാണ് താന്‍ ചെയ്യുന്നത്. അത് തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തനിക്ക് പുതിയതല്ലെന്ന് വ്യക്തമാക്കി ശരദ് പവാര്‍ വീണടത്തുനിന്ന് തുടങ്ങണമെന്നും എങ്ങനെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാം എന്ന് തനിക്ക് അറിയാമെന്നും വ്യക്തമാക്കി.