ഷാരോൺ വധക്കേസ്, അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണം, ഹൈക്കോടതിയെ സമീപിച്ച് ഗ്രീഷ്മ

കൊച്ചി: സംസ്ഥാനത്തെ നടുക്കിയ ഷാരോൺ വധക്കേസിൽ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവും പോലീസ് ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി 22-ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.ക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നാണ് വാദം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നാണ് പ്രതിയുടെ വാദം. ഇതിന് മുൻപും പ്രതി അന്തിമ റിപ്പോര്‍ട്ടിനെതിരേ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, കേസിൽ ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരുമാണ് ഹര്‍ജിക്കാര്‍. 2022 ഒക്ടോബര്‍ 14-ന് ആണ് മനസാക്ഷിയെ നടുക്കിയ ഷാരോൺ കൊലപാതകം പ്രതി നടത്തിയത്. യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി വിഷം കലർത്തിയ ജൂസ് നൽകുകയായിരുന്നു.