പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്ന് ശശി തരൂര്‍

തിരുവനന്തപുരം. പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഭാരത് എന്നാക്കിമാറ്റിയാല്‍ പേരുമാറ്റല്‍ കളി ബിജെപി അവസാനിപ്പിക്കുമെന്ന് ശശി തരൂര്‍. ഇന്ത്യയെ ഭാരത് എന്ന് വിളിക്കുന്നതില്‍ ഭരണഘടനാപരമായ എതിര്‍പ്പില്ലെന്നും എന്നാല്‍ ഇന്ത്യയെ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ അത്ര വിഡ്ഡികളാല്ലെന്നാണ് താന്‍ കരുതുന്നതെന്ന് ശശി തരൂര്‍ മുമ്പ് പറഞ്ഞിരുന്നു.

ലോകം മുഴുവന്‍ അംഗീകരിച്ച പേരിനെ വിട്ട് കളയാതെ ഇന്ത്യയെന്നും ഭാരതമെന്നും പേരുകള്‍ തുടര്‍ന്നും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി 20 ഉച്ചക്കോടിക്കായുമായി ബന്ധപ്പെട്ട് അത്താഴവിരുന്നിനുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തിലാണ് ഇന്ത്യക്ക് പകരം ഭാരതം എന്ന് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പേര് മാറ്റാന്‍ നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ വന്നത്.

ക്ഷണക്കത്തില്‍ സാധാരണ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി ഭവന്‍ വിശേഷിപ്പിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷാണ് ക്ഷണക്കത്തിലെ വിവാദ വിഷയം ആദ്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വിമര്‍ശനം ഉന്നയിച്ചു.