മാര്‍ക്കറ്റില്‍ കൊറോണ വരില്ലേ? തിയേറ്ററില്‍ മാത്രമാണോ കൊറോണ? ജനത്തിരക്ക് ചൂണ്ടിക്കാട്ടി ഷിബു ജി. സുശീലന്‍

ഇനിയും ഭീതിയൊഴിഞ്ഞിട്ടില്ലാത്ത കോവിഡ് പ്രതിസന്ധിക്കിടെ എറണാകുളം ബ്രോഡ് വേയിലെ ജനത്തിരക്കിന്റെ നേർചിത്രം ചൂണ്ടിക്കാട്ടി ‘സെവന്‍ത് ഡേ’ സിനിമയുടെ നിര്‍മ്മാതാവും മുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ഡ്രോളറുമായ ഷിബു ജി. സുശീലന്‍. സിനിമാ തിയേറ്ററുകള്‍ ഇപ്പോഴും അടഞ്ഞ് കിടപ്പാണ്. തിയേറ്ററുകള്‍ ഇനിയും തുറക്കാത്ത സാഹചര്യത്തെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം എറണാകുളം ബ്രോഡ് വേയില്‍ കണ്ട ജനത്തിരക്കിന്റെ വീഡിയോ പങ്കുവച്ചാണ് നിര്‍മ്മാതാവിന്റെ പോസ്റ്റ്. ഈ തിരക്ക് കണ്ടപ്പോള്‍ ഒരു ചോദ്യം കേരളത്തില്‍ സിനിമ തിയേറ്ററില്‍ മാത്രം ആണോ കൊറോണ എന്നാണ് ഷിബു ജി. സുശീലന്‍ ചോദിക്കുന്നത്.

‘ഇത് എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റില്‍ 20/12/ 2020 രാത്രി 7 മണിക്കുള്ള ജനത്തിരക്ക് ഇവിടെ കൊറോണ വരില്ലേ? ഈ തിരക്ക് കണ്ടപ്പോള്‍…. മനസ്സില്‍ ഒരു ചോദ്യം.. എന്തേ സര്‍ക്കാര്‍ സിനിമ തിയേറ്റര്‍ മാത്രം തുറക്കുന്നില്ല. കേരളത്തില്‍ സിനിമ തിയേറ്ററില്‍ മാത്രം ആണോ കൊറോണ? ബാക്കി ഒക്കെ തുറക്കാം.. സിനിമക്ക് മാത്രം കൊറോണ…’ എന്നാണ് നിര്‍മ്മാതാവിന്റെ കുറിപ്പ്.

ചലച്ചിത്ര സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ യോഗത്തില്‍ തിയേറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന നിലപാട് എടുത്തിരന്നു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്തതാണ് നിലപാടിന് പിന്നില്‍. അതേസമയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വണ്‍, മാലിക് തുടങ്ങി നിരവധി വമ്ബന്‍ സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്.