ശ്വാസംമുട്ടലിന് ചികിത്സക്ക് പോയ ഷിജിമോൾ അറിഞ്ഞില്ല തനിക്കീ ദുർഗതി വരുമെന്ന്

കൊച്ചി. ശ്വാസംമുട്ടൽ വന്നപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ പേരിൽ ജീവിതം തന്നെ കഷ്ടത്തിലായ ഒരു യുവതിയുടെ കരളലിയിക്കുന്ന കഥ സാമൂഹ്യ മാധ്യങ്ങളിൽ ശ്രദ്ധനേടുകയാണ്. തൃപ്പൂണിത്തുറ യിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഓഫിസ് ജോലിക്കാരിയായിരുന്ന എറണാകുളം തിരുവാങ്കുളം നന്ദനം വീട്ടിൽ ഷിജിമോൾ(46)ന്റെ കഥയാണ് പരമ ദയനീയം.

ചികിൽസിച്ച ഡോക്ടർ വേണ്ടത്ര ശ്രദ്ധയില്ലാതെ മരുന്നു നൽകിയതാണ് ആരോഗ്യം തകർത്തതെന്നു ചൂണ്ടിക്കാട്ടി ഷിജിമോളും കുടുംബവും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിരിക്കുകയാണ്. ഷിജിക്ക് ഒരിടത്തുനിന്നും അനുകൂലമായ മറുപടി ഇതുവരെ കിട്ടിയിട്ടില്ല. ആശുപത്രിയിലെത്തി പൊലീസ് ഡോക്ടറുമായി സംസാരിച്ചെന്നു പറയുന്നെങ്കിലും തുടർനടപടി ഒന്നും ഉണ്ടായില്ല.

ശ്വാസംമുട്ടൽ വന്നപ്പോൾ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടിയതാണ് ഷിജിയുടെ ജീവിതം മാറ്റിമറിക്കുന്നത്. രോഗത്തിനു കുറവ് ഉണ്ടാകാത്തതിന്റെ തുടർന്ന് ഒരാഴ്ചയ്ക്കു ശേഷം വീണ്ടും അതേ ഡോക്ടറെ തന്നെ ഷിജി കാണുകയായിരുന്നു. അപ്പോളാണ് മരുന്നു മാറ്റി നൽകിയതെന്നു ഷിജി പറയുന്നു. ആ മരുന്ന് കഴിച്ചു തുടങ്ങിയപ്പോൾ മുതൽ ജീവിതം ഇരുട്ടിലേക്ക് പോയി. കണ്ണിന്റെ കാഴ്ച മറഞ്ഞു തുടങ്ങി. ശരീരത്താകെ കറുത്ത കുമിളകൾ വന്നു. ഇതോടെയാണ് ഷിജി തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്.

‘വിറകുകൊള്ളി പോലെ കരിഞ്ഞ സ്വന്തം മുഖം കണ്ണാടിയിലെ മങ്ങിയ കാഴ്ചയിൽ കണ്ടു ശരിക്കും ഷിജി ഭയന്നു പോവുകയായിരുന്നു. 20 വിരലുകളിലെയും നഖങ്ങൾ ഊരിപ്പോയി. ശരീരത്തുനിന്നു തൊലി മുഴുവനായും ഇളകിപ്പോയിക്കൊണ്ടിരുന്നു. ആരു കണ്ടാലും ഭയന്നു പോകുന്ന തന്റെ മുഖത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ശ്വാസം മുട്ടലിനു ചികിത്സ തേടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയതാണ് തന്റെ ജീവിതം തന്നെ കരിച്ചു പോയത്.’ – ഷിജി പറയുന്നു.

ആശുപത്രിയിലായിരിക്കെ ശരീരം മുഴുവൻ കറുത്തിരുളുകയായിരുന്നു. തൊലി പൂർണമായും ഇളകിപ്പോയി. വായിലും ശരീരത്തുമെല്ലാം തൊലി അടർന്നു. ഭക്ഷണം കഴിക്കാനാവാത്തവിധം വായിലെ തൊലി പൂർണമായും പോയി. ജലാംശം നഷ്ടമായി ശരീരം പൂർണമായും തളർന്നു. സോഡിയം കുറഞ്ഞു ബോധവും നഷ്ടപ്പെട്ട സാഹചര്യമായി. കിടക്കയിൽ വിരിച്ച ഷീറ്റിൽ മരുന്നൊഴിച്ച് അതിലായിരുന്നു ഷിജി കിടത്തിയിരുന്നത്.

എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്തിടത്തുനിന്നു ഡോക്ടർ നവീന്റെ ചികിത്സയിൽ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങി. ഒരു മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിൽ ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു. ഡോക്ടറുടെയും ആശുപത്രിയുടെയും കരുതലിൽ ഇപ്പോൾ ആരോഗ്യം കാര്യമായി മെച്ചപ്പെട്ടു. എന്നാൽ കാഴ്ച ശരിയായിട്ടില്ല. എത്രത്തോളം ശരിയാകും എന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. സ്വന്തം മുഖം ഒരു മൂടിയ കാഴ്ചയായി മാത്രം അവശേഷിക്കുന്നു. വായിലും നാവിലുമുള്ള മുറിവുകൾ ഉണങ്ങാത്തതിനാൽ ഭക്ഷണം നന്നായി വേവിച്ച് അരച്ചാണു ഇപ്പോഴും കഴിക്കുന്നത്.

ഇതുവരെ ചികിത്സാ പിഴവാണ് ഷിജിയുടെ ആരോഗ്യം തകർത്തതെന്ന് ആരും സമ്മതിക്കുന്നില്ല. പിന്നീടു ചികിത്സ തേടിയ ആശുപത്രിയിൽനിന്നു നൽകിയ ഡിസ്ചാർജ് സമ്മറിയിൽ മരുന്നു കഴിച്ച വിവരം പരാമർശിച്ചിട്ടുണ്ട്. ആരുടെയെങ്കിലും കുറ്റമാണെന്നു പറ‍യുന്നില്ല. പക്ഷേ തന്നെ ചികിത്സിക്കുന്നതിലുണ്ടായ പിഴവാണ് ശരീരം മുഴുവൻ വെന്തുപോകുന്ന അവസ്ഥയിലേക്ക് എത്തിച്ചതെന്നതിൽ സംശയമില്ല. ഇക്കാര്യം ചോദിക്കുന്നതിനായി മരുന്നു നൽകിയ ഡോക്ടറെ കാണാൻ പോയെങ്കിലും അവർ സമ്മതിച്ചു കൊടുത്തിട്ടില്ല. ഭക്ഷണത്തിന്റെ അലർജിയൊക്കെ ആകാമെന്നാണ് പിആർഒ ഉൾപ്പടെയുള്ളവർ ഷിജിയോട് പറഞ്ഞത്. ഇവരോടു ബഹളം വച്ചിട്ടു കാര്യമില്ലാത്തതിനാൽ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു ഷിജി.

മാസങ്ങൾ നീണ്ട ചികിത്സക്ക് ഇതുവരെ അഞ്ചു ലക്ഷം രൂപയിലേറെ ചെലവാഴിച്ചു. ജോലി ചെയ്തിരുന്ന സ്ഥാപനമാണ് ചെലവിന്റെ വലിയൊരു ഭാഗം നൽകി സഹായിച്ചത്. നാട്ടുകാരും പരിചയക്കാരുമെല്ലാം സാമ്പത്തികമായി സഹായിച്ചതിനാൽ ഇതുവരെ ചികിത്സ മുന്നോട്ടു കൊണ്ടു പോകാനായി. സ്ഥാപനം ചെലവഴിച്ച തുക തിരികെ നൽകേണ്ടതാണ്. തുടർ ചികിത്സയ്ക്കാണെങ്കിലും സാമ്പത്തിക സഹായവും വേണമെന്ന ദുരവസ്ഥയിലാണ് ഷിജി ഇപ്പോൾ.

ഭിന്നശേഷിക്കാരനായ ഭർത്താവ് ഒരു കടയിൽ ജോലിക്ക് പോകുന്നുണ്ട്. അദ്ദേഹത്തിന്റെ വരുമാനത്തിലാണ് ഇപ്പോൾ കുടുംബം മുന്നോട്ടു പോകുന്നത്. കംപ്യൂട്ടറിൽ ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ ഇപ്പോൾ ബന്ധുവായ മറ്റൊരു യുവതിയാണ് ഷിജിയുടെ സ്ഥാനത്ത് ജോലി ചെയ്യുന്നത്. കൂടെ പോയി കാര്യങ്ങൾ ഷിജി പറഞ്ഞു കൊടുക്കും. സ്വന്തമായി ഒന്നും ചെയ്യാനാവില്ല. പെൺമക്കളുടെ വിദ്യാഭ്യാസം പൂർത്തിയാക്കണം. ജീവിതത്തിലേക്കു തിരികെ വന്നെങ്കിലും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ നാറ്റം തിരിയുകയാണ് ഷിജി. തന്റെ ജീവിതം ഈ അവസ്ഥയിൽ എത്തിച്ചവർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാത്തതിൽ മണമുറിവുകയാണ് ആ 46 കാരി. ഇത് ഷിജിമോളുടെ മാത്രം അവസ്ഥയല്ല. കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് പോയി ജീവിതം തന്നെ വഴിമുട്ടിയ ആയിരങ്ങളിൽ ഒരാൾ മാത്രമാണ് ഷിജി.സർക്കാരിനും, മറ്റു ആരോഗ്യ സംവിധാനങ്ങളും ഒക്കെ തന്നെ പണത്തിനൊപ്പമാണ്. സ്വകാര്യ ആശുപത്രികൾക്കൊപ്പമാണ്. ഇത്തരം സംഭവങ്ങളിൽ നിർദ്ധനർ നൽകുന്ന പരാതികൾക്ക് പരിഹാരം ഉണ്ടാവാറില്ല. അവർക്ക് നീതി ലഭിക്കാറില്ല.